ബാലുശ്ശേരി പാലോളിമുക്കിൽ കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
text_fieldsകോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമണമുണ്ടായ ബാലുശ്ശേരിയിലെ പാലോളിമുക്കിൽ കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. അലൂമിനിയം ഫേബ്രിക്കേഷൻ കടക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ഏറുപടക്കമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണു ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. കേസിലെ പ്രതികളിൽ ചിലർ സ്ഥിരമായി വന്നിരിക്കാറുള്ള കടക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ജിഷ്ണുവിനെ ആൾക്കൂട്ടമർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രധാന പ്രതി ഇന്നലെ പിടിയിലായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകൻ മൂടാട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. നേരത്തെ ഒമ്പതു പേർ അറസ്റ്റിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.
പാലോളിമുക്കിൽ 30 ഓളം പേർ വരുന്ന സംഘമാണ് ജിഷ്ണുവിനെ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. എസ്.ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ചത്. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. തുടർന്ന് വെള്ളത്തിൽ മുക്കി കൊല്ലാനും ശ്രമിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. പ്രതികൾക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.