നീട്ടിയത് മൂന്നുമാസത്തേക്ക്; റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണം-ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് കാലത്തെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കുറഞ്ഞത് മൂന്ന് മാസത്തേക്കാണ് നീട്ടിയതെന്ന് കണക്കാക്കി നിലവിലെ റാങ്ക് പട്ടികയിലുള്ളവർക്ക് പരിഗണന നൽകണമെന്ന് ഹൈകോടതി. നീട്ടി നൽകിയ കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹരജിക്കാരുടെ അവകാശം പരിഗണിക്കണമെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എല്ലാ റാങ്ക് ലിസ്റ്റും കുറഞ്ഞതു മൂന്നു മാസമെങ്കിലും സമയം നീട്ടി നൽകണമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനുമിടക്ക് കാലാവധി കഴിഞ്ഞ പട്ടികകൾക്ക് 2021 ആഗസ്റ്റ് നാലുവരെ നീട്ടി നൽകിയിരുന്നു. ചില പട്ടികകൾക്ക് രണ്ടുമാസം മാത്രമാണ് നീട്ടിക്കിട്ടിയതെന്നും കാലാവധി നീട്ടിയത് ഏകീകൃത സ്വഭാവത്തിലല്ലെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ ഹരജികളാണ് കോടതി പരിഗണിച്ചത്. 14 ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിത സിവിൽ പൊലീസ് ഓഫിസർ, കാസർകോട് ജില്ലയിലെ ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്), മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അധ്യാപകർ (നാച്വറൽ സയൻസ്), ഹെൽത്ത് സർവിസിലെ നഴ്സ് ഗ്രേഡ് രണ്ട് എന്നീ പട്ടികകളിലുള്ളവരാണ് ഹരജിക്കാർ. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും (കെ.എ.ടി) സിംഗിൾ ബെഞ്ചിനെയും ആദ്യം സമീപിച്ചെങ്കിലും ഹരജികൾ തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മൂന്നുമാസം മുതൽ ഒന്നര വർഷം വരെ പട്ടിക കാലാവധി നീട്ടാൻ ചട്ട പ്രകാരം പി.എസ്.സിക്ക് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. കാലാവധി നീട്ടാൻ തീരുമാനിച്ചാൽ കുറഞ്ഞത് മൂന്നു മാസമെങ്കിലും നീട്ടി നൽകണം. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനുമിടക്ക് കാലാവധി കഴിഞ്ഞ പട്ടികകൾക്ക് 2021 ആഗസ്റ്റ് നാലുവരെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് ലിസ്റ്റിനും മൂന്നുമാസം സമയം നീട്ടിക്കിട്ടിയെന്ന് ഉറപ്പാക്കണമായിരുന്നു. ഇക്കാര്യത്തിൽ ഹരജിക്കാർ ഉന്നയിച്ച വാദം ന്യായമാണെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. രണ്ടുമാസത്തിനകം ഇക്കാര്യത്തിൽ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.