വ്യാപക ജി.എസ്.ടി പരിശോധന; സ്വർണ വ്യാപാരികളും ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിലേക്ക്
text_fieldsമേഖലയെ സ്തംഭിപ്പിക്കും വിധമാണ് പരിശോധനയെന്ന് വ്യാപാരികൾ; ആരെയും ടാർഗറ്റ് ചെയ്യുന്നില്ലെന്ന്
ഉദ്യോഗസ്ഥർ
കൊച്ചി: ജി.എസ്.ടി പരിശോധനയെ ചൊല്ലി സ്വർണ വ്യാപാരികളും ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിലേക്ക്. മേഖലയെ സ്തംഭിപ്പിക്കും വിധം സ്ഥാപനങ്ങളുടെ മുന്നിൽ തമ്പടിച്ച് ഉപഭോക്താക്കളെയും ജീവനക്കാരെയും പരിശോധിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. അതേസമയം, വകുപ്പ് തലത്തിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് പരിശോധനയെന്നും ആരെയും ടാർഗറ്റ് ചെയ്യുന്നില്ലെന്നും ജി.എസ്.ടി സ്ക്വാഡ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
സ്വർണ വ്യാപാരികളുടെ ഉൾപ്പെടെ കാർഗോയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് തിരിച്ച ലോജിസ്റ്റിക്സ് സർവിസിെൻറ വാഹനം തിങ്കളാഴ്ച അരൂരിൽ തടഞ്ഞ് ആറുമണിക്കൂർ പരിശോധിച്ചു. രേഖകൾ പരിശോധിച്ച് വിട്ടുകൊടുത്ത ഇതേ വാഹനം ചെങ്ങന്നൂരിൽ എത്തിയപ്പോൾ വീണ്ടും പിടിച്ചു. ഇത്തരം പരിശോധനകൾ വഴി സമയത്ത് ഉൽപന്നങ്ങൾ ലഭിക്കാതെ മേഖല സ്തംഭിക്കുകയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
എല്ലാ രേഖകളും കൈവശമുള്ളവരോട് എന്തെങ്കിലും കുറവ് ചൂണ്ടിക്കാട്ടി സ്വർണത്തിെൻറ ജി.എസ്.ടിയായ മൂന്നു ശതമാനവും പിഴയായി വീണ്ടും മൂന്നുശതമാനവും ഇൗടാക്കുന്നു. തൃശൂർ, ആലപ്പുഴ, കരുനാഗപള്ളി എന്നിവിടങ്ങളിൽ സ്വർണ വ്യാപാരികളെയും പണിക്കാരെയും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിച്ച സംഭവവുമുണ്ടായി. ഒരു ഗ്രാം സ്വർണം പിടികൂടിയാൽ ഇൻസെൻറീവ് ഇനത്തിൽ അധിക തുക ലഭിക്കുന്നതുകൊണ്ട് സ്വർണ മേഖലയെ ലക്ഷ്യം െവച്ചാണ് പരിശോധനയെന്ന് വ്യാപാരികൾ പറയുന്നു. 40 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ളവർക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലെന്നതിനാൽ അവരിൽനിന്ന് രേഖ ആവശ്യപ്പെടുന്നത് നീതികരിക്കാനാകില്ലെന്നും അവർ വിവരിച്ചു.
എന്നാൽ, സ്വർണ കടകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുന്നില്ലെന്ന് ജി.എസ്.ടി സ്ക്വാഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. നികുതിയടക്കാതെ കൊണ്ടുവരുന്ന സ്വർണം പിടികൂടിയാൽ ഉദ്യോഗസ്ഥർക്ക് ഇൻസെൻറീവ് ലഭിക്കും. ഇത് പൊതുജനത്തിനും ലഭിക്കുന്നുണ്ട്. മറ്റ് വ്യാപാര, വാണിജ്യ മേഖലകളിലെ നികുതി പരിശോധനക്ക് തുല്യമായാണ് സ്വർണ വ്യാപാര മേഖലയിലും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ സെക്രട്ടേറിയറ്റ് ധർണ–എ.കെ.ജി.എസ്.എം.എ
കൊച്ചി: സ്വർണ വ്യാപാര മേഖലയിലെ അനാവശ്യ പരിശോധനക്കും നിർമാണ ശാലകൾ, ഹാൾമാർക്കിങ് സെൻററുകൾ എന്നിവിടങ്ങളിൽനിന്ന് സ്വർണം പിടിച്ചെടുക്കുന്നതിനും എതിരെ ബുധനാഴ്ച സെക്രേട്ടറിയറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. എല്ലാ രേഖകളും ഉള്ളവർക്ക് പോലും നൂറു ശതമാനം പിഴ ചുമത്തുന്നത് അംഗീകരിക്കാനാവില്ല. ജി.എസ്.ടി ഉദ്യോഗസ്ഥരെ കയറൂരി വിടുന്നത് പുനഃപരിശോധിക്കണം. സർക്കാറിലേക്ക് ഏറ്റവും കൂടുതൽ നികുതി നൽകുന്ന സ്വർണ മേഖലയെ സംഘർഷത്തിലേക്ക് തള്ളിവിടരുതെന്ന് പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.