കൊച്ചിയിൽ വ്യാപക റെയ്ഡ്; ഫ്ലാറ്റിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തി, സന്ദർശകരും കുടുങ്ങും
text_fieldsകൊച്ചി: മോഡലുകളുടെ ദുരൂഹ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിൽ വ്യാപക റെയ്ഡ്. പൊലീസ്, നാർകോട്ടിക് സെൽ എന്നിവരുടെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക്, മരട്, ചിലവന്നൂർ, ചാത്തമ്മ എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിലും റിസോർട്ടുകളിലുമായിരുന്നു റെയ്ഡ്.
ചിലവന്നൂരിലെ ഹീര വാട്ടേഴ്സ് ഫ്ലാറ്റിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തി. 18ാം നിലയിലായിരുന്നു കേന്ദ്രം. ഇവിടെയുണ്ടായിരുന്ന ഒരാളെ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ എളന്തിക്കര സ്വദേശി ടിപ്സൺ ഫ്രാൻസിസാണ് (33) അറസ്റ്റിലായത്.
ഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്ന ഇയാളുടെ കൈയിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. സൈജുവിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപത്തെ മറ്റൊരു ഫ്ലാറ്റിൽ പരിശോധന നടക്കുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ചൂതാട്ടകേന്ദ്രത്തിലെ റെയ്ഡെന്ന് പൊലീസ് പറഞ്ഞു. ചൂതാട്ടത്തിന് സൗകര്യമൊരുക്കി, മയക്കുമരുന്ന് ഉപയോഗിച്ചു എന്നിങ്ങനെ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ലക്ഷങ്ങളുടെ ചൂതാട്ടമാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു.
നിരവധി ആളുകൾ ഇവിടെ വന്നുപോകുന്നത് ഫ്ലാറ്റ് നിവാസികളിൽ സംശയമുണ്ടാക്കിയിരുന്നു. വലിയ തോതിൽ മദ്യവിതരണം നടക്കുന്നതായും സൂചനകളുണ്ടായിരുന്നു. ഇവിടേക്ക് എത്തിയ ആളുകളുടെ വിവരം റെയ്ഡിന് ശേഷം ഫ്ലാറ്റിലെ സന്ദർശക രജിസ്റ്ററിൽനിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇവരെ വരും ദിവസങ്ങളിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പൂർണമായി ശീതീകരിച്ച ഫ്ലാറ്റ് വാടകക്കെടുത്ത് അത്യാഡംബര സൗകര്യങ്ങളോടെയായിരുന്നു ചൂതാട്ടകേന്ദ്രത്തിെൻറ പ്രവർത്തനം. മദ്യപാനത്തിനുവേണ്ട സംവിധാനങ്ങൾ, ശീട്ടുകളിക്കുന്നവർക്ക് വിലയേറിയ മേശയും കസേരകളുമടക്കം പ്രത്യേക സൗകര്യങ്ങളുമൊരുക്കിയിരുന്നു. ഇതെല്ലാം പൊലീസ് പിടിച്ചെടുത്തു.
പണത്തിന് പകരം പ്രത്യേക പ്ലാസ്റ്റിക് കോയിനുകൾ ഉപയോഗിച്ചായിരുന്നു ശീട്ടുകളി. പൊലീസിെൻറ മിന്നൽ പരിശോധനയോ മറ്റോ ഉണ്ടായാൽ പണം ഉപയോഗിച്ചല്ല ശീട്ട് കളിക്കുന്നതെന്ന് വാദിച്ച് തെളിവുകളില്ലാതാക്കാനായിരുന്നു ഈ രീതി. ഇത്തരത്തിൽ ജയിക്കുന്നവർക്ക് അവർ നേടിയ തുക അക്കൗണ്ടിലേക്ക് കൈമാറും. കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഇവിടെ എത്തിയവർ ഉപയോഗിച്ചെന്നുള്ള വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.