സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ് പണംതട്ടി; ഒരാൾ അറസ്റ്റിൽ
text_fieldsപാമ്പാടി: ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവാവിൽനിന്ന് പണം തട്ടിയയാളെ അറസ്റ്റ് ചെയ്തു. തൃശൂർ പഴയന്നൂർ സ്വദേശി എം. ഹക്കീമാണ് (46) പിടിയിലായത്.
കോത്തല സ്വദേശിയായ യുവാവിനാണ് പല തവണയായി 64,000 രൂപ നഷ്ടമായത്. വാട്സ്ആപ് കാൾ മുഖേനയാണ് ബന്ധപ്പെട്ടത്. സെലിബ്രിറ്റികളെ പരിചയപ്പെടുത്തി നൽകണമെങ്കിൽ പണം വേണമെന്നു പറഞ്ഞാണ് 2023 ജൂൺ മുതൽ പലതവണകളായി യുവാവിൽനിന്ന് ഇയാൾ 64,000 രൂപ വാങ്ങിയത്.
പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. പാമ്പാടി പൊലീസ് കേസെടുത്ത് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിൽ, ഹക്കീം തട്ടിപ്പിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി.
കോയമ്പത്തൂരിൽനിന്നാണ് പിടികൂടിയത്. ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ അതിസാഹസികമായാണ് പിടികൂടിയത്. 11 മൊബൈൽ ഫോൺ, 20 സിംകാർഡ്, 20ൽപരം എ.ടി.എം കാർഡ്, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകൾ, 115 ഗ്രാം സ്വർണാഭരണം, വിവിധ പേരുകളുള്ള സീലുകൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ എന്നിവ കണ്ടെടുത്തു. ഇയാളുടെ ആഡംബര കാറിൽ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
യാചകരുടെ പേരിൽ അക്കൗണ്ട് തുറന്നും തട്ടിപ്പ്
പിടിയിലായ ഹക്കീം നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് സൂചന. ഭിക്ഷാടകരുടെയും ആക്രി പെറുക്കി വിൽക്കുന്നവരുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിലും ഗൾഫിലുമുള്ള നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.
ഇയാൾ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി കോയമ്പത്തൂർ കലക്ടറേറ്റിന്റെ ഭാഗത്തും ആശുപത്രിയുടെ പരിസരത്തും വഴിയരികില്‍ ഭിക്ഷ യാചിക്കുന്നവരെയും ആക്രി പെറുക്കിനടക്കുന്നവരെയും സമീപിച്ചാണ് ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നത്. എ.ടി.എമ്മും പിൻനമ്പറും അക്കൗണ്ടിനായി കൊടുത്ത സിം കാർഡും 10,000 രൂപ നൽകിയാണ് ഇയാൾ വാങ്ങിയിരുന്നത്. ഈ അക്കൗണ്ടുകൾ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്.
ഇത്തരം സിംകാർഡ് വഴി ഫേസ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും കേരളത്തിലും ഗൾഫിലും സുഹൃത്തുക്കളെ ആവശ്യമുള്ളവർ ഈ പേജ് ഫോളോ ചെയ്യുക എന്ന തരത്തിൽ വാട്സ്ആപ് നമ്പർ കൊടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ബന്ധപ്പെടുന്നവരോട് സ്ത്രീകളുമായി സൗഹൃദത്തിൽ ആകുന്നതിന് കൂടുതൽ പണം ആവശ്യപ്പെടും. പണം കൈക്കലാക്കി ഇവരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും സമീപകാലത്ത് ഇത്തരത്തിൽ നടന്ന സൈബർതട്ടിപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. പാമ്പാടി എസ്.എച്ച്.ഒ സുവർണകുമാർ, എ.എസ്.ഐ നവാസ്, സി.പി.ഒമാരായ സുമീഷ് മാക്മില്ലൻ, ശ്രീജിത്ത് രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.