വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഡൽഹി സ്വദേശി പിടിയിൽ
text_fieldsനൂൽപ്പുഴ: ഭർത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഡൽഹി സ്വദേശിയെ നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജാമിഅ നഗർ സ്വദേശിയായ അർഹം സിദ്ദീഖിയെയാണ് (34) ഡൽഹിയിൽനിന്ന് പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. ഈ കേസിൽ മുഖ്യപ്രതിയായ കണ്ണൂർ തലശ്ശേരി പാരാൽ സ്വദേശിയായ ബദരിയ മൻസിൽ പി.പി. സമീറിനെ (46) ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. അർഹം സിദ്ദീഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീർ പണമയപ്പിച്ചത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അർഹം സിദ്ദീഖിയെ പിടികൂടിയത്.
2023 മേയ്, ജൂൺ മാസങ്ങളിലായാണ് സംഭവം. ഖത്തറിൽ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭർത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീർ കബളിപ്പിച്ചത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് കോഓഡിനേറ്റർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓൺലൈൻ ആയി അർഹം സിദ്ദീഖിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചത്. ശേഷം ജോലി നൽകാതെയും പരാതിക്കാരുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തും തട്ടിപ്പ് നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എസ്.എച്ച്.ഒ അമൃത് സിങ് നായകത്തിന്റെ നിർദേശത്തിൽ സബ് ഇൻസ്പെക്ടർ കെ.വി. തങ്കനായിരുന്നു അന്വേഷണ ചുമതല. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. അഭിലാഷ്, കെ.ബി. തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ പി. മുഹമ്മദ്, എം.ഡി ലിന്റോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.