റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: ദമ്പതികൾ അറസ്റ്റിൽ
text_fieldsനാഗർകോവിൽ: റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് നാല് പേരിൽ നിന്ന് 56 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. കന്യാകുമാരി ക്രൈംബ്രാഞ്ച് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂർ കൃഷ്ണമൂർത്തി നഗറിൽ താമസിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലിയുള്ള ജോയൽ ദേവ(35), ഇദ്ദേഹത്തിന്റെ ഭാര്യ അഭിഷ(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരി ജില്ലയിൽ ഐരേണിപുരം കോണത്തുവിള സ്വദേശി പ്രവിത(29) നാഗർകോവിൽ സെക്കന്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തട്ടിപ്പിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി കന്യാകുമാരി ജില്ല ക്രൈം ബ്രാഞ്ചിനോട് അന്വേഷിക്കാൻ ഉത്തരവിട്ടു. തുടർന്ന് ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഉമ സബ് ഇൻസ്പെക്ടർ ചാർലെറ്റ് ഉൾപ്പെടെയുള്ള സംഘം ബംഗളൂരുവിൽ എത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. നാഗർകോവിലിൽ കൊണ്ടു വന്ന പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്കയച്ചു.
പ്രവിതയും പ്രതി അഭിഷയും സുഹൃത്തുക്കളായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രവിതക്ക് റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്ന് അഭിഷ ഉറപ്പ് നൽകിയത്. പിന്നാലെ 20ലക്ഷം രൂപയും പ്രവിതയിൽ നിന്ന് തട്ടിയിരുന്നു.
മാനരീതിയിൽ കിള്ളിയൂർ പണ്ടാരവിള സ്വദേശി പ്രജയിൽ നിന്ന് പത്ത് ലക്ഷം രൂപയും, മുള്ളുവിള സ്വദേശികളായ അരവിന്ദിൽ നിന്ന് 14 ലക്ഷവും രാജ്കുമാറിൽ നിന്ന് 12 ലക്ഷവും ദമ്പതികൾ തട്ടിയിരുന്നു. പണം വാങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി വാങ്ങി നൽകാത്തതിനെ തുടർന്നാണ് പ്രവിത കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.