ക്വാറി ഉൽപന്നങ്ങളുടെ കൊള്ളവില: കർശന നടപടിക്ക് സർക്കാർ
text_fieldsകൊച്ചി: ക്വാറി ഉൽപന്നങ്ങളുടെ കൊള്ളവിലക്കെതിരെ കർശന നടപടിക്ക് കലക്ടർമാർക്ക് നിർദേശം. സർക്കാർ വിവിധ ഫീസുകൾ വർധിപ്പിച്ചെന്ന് പ്രചരിപ്പിച്ച് വിലവർധിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കാണ് സർക്കാർ നിർദേശം നൽകിയത്.
പരാതി ഉയരുന്ന ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കാനും ഇവരുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാനും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ജില്ല കലക്ടർമാർക്കും മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർക്കും നിർദേശം നൽകി. ഏഴു വർഷത്തിനിടെ സർക്കാർ റോയൽറ്റി, ലൈസൻസ് ഫീസുകൾ വർധിപ്പിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അവസാനം റോയൽറ്റി ഫീസ് വർധിപ്പിച്ചത് ചതുരശ്രയടിക്ക് 1.10 രൂപയും ഡീലേഴ്സ് ലൈസൻസ് ഫീസ് വർധന 18 പൈസ മുതൽ 48 പൈസ വരെയുമാണ്.
എന്നാൽ, സർക്കാർ ഈ ഫീസുകൾ അമിതമായി വർധിപ്പിച്ചു എന്ന വാദമുയർത്തി വിപണിയിൽ ഉൽപാദകരും വിതരണക്കാരും ചേർന്ന് ചതുരശ്രയടിക്ക് അഞ്ചു മുതൽ 15 രൂപയാണ് വർധിപ്പിച്ചത്. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ പുതിയ നീക്കം. റോയൽറ്റി ഫീസ് വർധനക്ക് ആനുപാതികമായല്ലാതെ അമിത വില ഈടാക്കുന്ന ഉൽപാദകരെയും വിതരണക്കാരെയും നിരീക്ഷിക്കാനും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് വ്യവസായ സെക്രട്ടറി ജില്ല കലക്ടർമാർക്ക് നൽകിയ നിർദേശം. കഴിഞ്ഞ ഒരു വർഷത്തിനിടെ ചതുരശ്രയടിക്ക് 20 രൂപയുടെ വർധനയാണ് കരിങ്കല്ലടക്കമുള്ളവക്ക് ഉണ്ടായത്. കേരളത്തിലെ ക്വാറികൾ പ്രതിസന്ധിയിലായതോടെ തമിഴ്നാട്ടിൽനിന്ന് കല്ലെത്തിച്ചാണ് ഇവിടെ വിൽപന. മൂന്ന് വർഷം മുമ്പ് ചതുരശ്രയടിക്ക് 25-30 വിലയിൽ വിറ്റിരുന്ന കല്ലുകൾക്കിപ്പോൾ 60 രൂപയാണ് വില. ക്രഷർ ഉൽപന്നങ്ങളുടെ അവസ്ഥയും ഇത് തന്നെ.
ഇതേതുടർന്ന് നിർമാണ മേഖല പ്രതിസന്ധിയിലാകുകയും വ്യാപക പരാതി ഉയരുകയും ചെയ്തതോടെയാണ് സർക്കാർ ഇടപെടൽ. എന്നാൽ, സർക്കാർ ഫീസുകൾ വർധിപ്പിച്ചതിന്റെ പേരിലല്ല ക്വാറി മേഖലയിലെ വിലവർധനയെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ വാദം. സംസ്ഥാനത്ത് ആറായിരത്തോളമുണ്ടായിരുന്ന ക്വാറി അനുബന്ധ വ്യവസായങ്ങൾ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ അറുനൂറായി കുറഞ്ഞതായും എറണാകുളം ജില്ലയിൽ എഴുനൂറോളം ക്വാറികൾ ഉണ്ടായിരുന്നത് നാമമാത്രമായെന്നും ക്രഷർ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.പി. അബ്ദുൽ അസീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഗതാഗതനിയമങ്ങളുടെ പേരിലും മൈനിങ് ആൻഡ് ജിയോളജി വിവിധ കാരണങ്ങളുടെ പേരിലും ചുമത്തുന്ന പിഴകൾ താങ്ങാവുന്നതിലും അപ്പുറമാണ്. വലിയ ടോറസ് ലോറികളിൽ 850-900 അടി ലോഡ് കയറ്റാമെന്ന് കമ്പനികൾ ഉറപ്പ് നൽകുമ്പോൾ 450 അടിയിൽ കൂടുതൽ കയറ്റിയാൽ ഗതാഗത വകുപ്പ് ചുമത്തുന്ന പിഴ 80,000 രൂപയാണ്. ഇത്തരം രീതികൾ തിരുത്തിയാൽ തന്നെ ഇപ്പോഴുണ്ടായ ഭീമമായ വർധന ഒരു പരിധിവരെ കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.