വിവാഹേതരബന്ധം പങ്കാളിക്ക് നഷ്ടപരിഹാരം നൽകാൻ കാരണമല്ല -ഹൈകോടതി
text_fieldsകൊച്ചി: മറ്റൊരാൾക്കൊപ്പം പങ്കാളി പോയതിന് മറുപങ്കാളിക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ഹൈകോടതി. പരസ്ത്രീ/ പരപുരുഷ സംഗമവും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മറ്റൊരാൾക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനെത്തുടർന്നുണ്ടായ മനോവ്യഥക്കും മാനഹാനിക്കും ഭർത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ് ചോദ്യംചെയ്ത് ഭാര്യ സമർപ്പിച്ച അപ്പീൽ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
2006 നവംബർ 19ന് വിവാഹിതരായ ദമ്പതികളിൽ ഭാര്യ മറ്റൊരാൾക്കൊപ്പം 2012 ജൂലൈ 31ന് രേഖകളും സ്വർണാഭരണങ്ങളുമായി വീട് വിട്ടു പോയെന്നാരോപിച്ചായിരുന്നു ഭർത്താവിന്റെ പരാതി. 20 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണവും പണവും തിരിച്ചുനൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് നാലുലക്ഷം നൽകാൻ ഉത്തരവായത്. മറ്റാവശ്യങ്ങൾ നിരസിച്ചു.
എന്നാൽ, ഭർത്താവിന്റെയും മാതാപിതാക്കളുടെയും അവഹേളനംമൂലമാണ് വീടുവിട്ടതെന്നും വീട് വിടുന്ന ദിവസവും അതിന് തൊട്ടുമുമ്പുള്ള ദിവസവും തന്നെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ചെന്നുമാണ് ഭാര്യയുടെ ആരോപണം.
സ്വന്തം വീട്ടിലേക്ക് പോന്ന താൻ പിന്നീടാണ് ബന്ധുവായ പ്രവീൺ എന്നയാൾക്കൊപ്പം താമസം തുടങ്ങിയത്. തന്റെ 35 പവൻ സ്വർണം തിരികെനൽകണമെന്നാവശ്യപ്പെട്ടും വിവാഹമോചനം ആവശ്യപ്പെട്ടും 2012ൽ താൻ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. രണ്ടുവർഷം കഴിഞ്ഞാണ് ഭർത്താവിന്റെ പരാതി വന്നതെന്നും അപ്പീൽ ഹരജിയിൽ ഭാര്യ ചൂണ്ടിക്കാട്ടി.
വിവാഹബന്ധം നിലനിൽക്കെ മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അയാൾക്കൊപ്പം പോകാൻ കോടതിയിൽ ഭാര്യ താൽപര്യം അറിയിച്ചെന്നുമായിരുന്നു ഭർത്താവിന്റെ വാദം.
പിന്നീട് അയാൾക്കൊപ്പം താമസം തുടങ്ങി. എന്നാൽ, അവിഹിതബന്ധം വിവാഹ മോചനത്തിന് കാരണമായി കാട്ടാമെങ്കിലും അതുമൂലമുണ്ടായ മാനസികവ്യഥക്ക് നഷ്ടപരിഹാരം തേടാൻ ഇന്ത്യയിലടക്കം ഒരിടത്തും നിയമവ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹം എന്നത് സിവിൽ കരാറാണ്. പങ്കാളിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി സ്വത്തവകാശത്തിന് അർഹതയില്ലെന്ന് വിലയിരുത്തിയ കോടതി, നാലുലക്ഷം ഭർത്താവിന് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.