കുടുംബകോടതിയിൽ നടന്നത് അസാധാരണ സംഭവങ്ങൾ; ജഡ്ജിയുടെ ചേംബറിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തി
text_fieldsതിരുവനന്തപുരം: നിയമപോരാട്ടങ്ങൾക്കൊടുവിൽ അനുപമക്ക് കുഞ്ഞിനെ സ്വന്തമായപ്പോൾ വഞ്ചിയൂർ കുടുംബകോടതിയിൽ നടന്നത് അസാധാരണ നടപടിക്രമങ്ങൾ. വൈദ്യപരിശോധനക്കായി ഡോക്ടറെ ചേംബറിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ജഡ്ജി ബിജു മേനോൻ കുഞ്ഞിനെ അമ്മക്ക് വിട്ടുനൽകാൻ ഉത്തരവിട്ടത്.
ഡി.എൻ.എ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയിൽ അഡ്വാൻസ് പെറ്റീഷൻ സമർപ്പിച്ചിരുന്നു. കുഞ്ഞിനെ എത്രയും നേരത്തെ വിട്ടുകിട്ടാനായാണ് പെറ്റീഷൻ നൽകിയത്. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചു.
തുടർന്ന് ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ കുഞ്ഞിനെ കോടതിയിലെത്തിച്ചു. പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ശിശുക്ഷേമ സമിതി സമർപ്പിച്ച ഡി.എൻ.എ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുള്ള ഉത്തരവിനു മുന്നോടിയായി കോടതിയിൽ നൽകി. സി.ഡബ്ല്യു.സി അധ്യക്ഷയും കോടതിയിൽ എത്തിയിരുന്നു.
അനുപമയുടെ സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ വെച്ചായിരുന്നു വൈദ്യപരിശോധന നടന്നത്. തുടർന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു.
കോടതിക്ക് പുറത്ത് അനുപമയെ പിന്തുണക്കുന്നവരോടൊപ്പം കെ.കെ. രമ എം.എൽ.എയും ഉണ്ടായിരുന്നു. കുഞ്ഞിനെ മാറോട് ചേർത്ത് അനുപമയും അജിത്തും കോടതിക്ക് വെളിയിലേക്ക് നടന്നുവന്ന ദൃശ്യം കുഞ്ഞിനെ തേടിയുള്ള ഒരമ്മയുടെ സമരത്തിലെ ഏറ്റവും മനോഹരമായ ദൃശ്യമായി. കുഞ്ഞിനൊപ്പം അൽപ്പസമയം ചെലവഴിച്ചോട്ടേയെന്ന അഭ്യർഥനയായിരുന്നു അനുപമക്കുള്ളത്. അൽപ്പസമയം കഴിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്താമെന്ന ഉറപ്പോടെ അനുപമ കുഞ്ഞുമായി വാഹനത്തിലേക്ക് കയറി.
ഒക്ടോബർ 15നാണ് അനുപമ പരാതിയുമായി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. വലിയ വാർത്താപ്രാധാന്യം ലഭിച്ചതോടെ വനിത കമീഷൻ കേസെടുത്തു. തുടർന്ന്, അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ച് ദത്തുനൽകിയതിന്‍റെ പിന്നാമ്പുറക്കഥകൾ ഒന്നൊന്നായി പുറത്തെത്തുകയായിരുന്നു.
അതിനിടെ നവംബർ 11 മുതൽ അനുപമയും ഭർത്താവ് അജിത്തും ശിശുക്ഷേമ സമിതി ഓഫിസിന് മുന്നിൽ സമരം തുടങ്ങി. നവംബർ 18നാണ് കുഞ്ഞിനെ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കാൻ കേരളത്തിലേക്ക് എത്തിക്കാൻ സി.ഡബ്ല്യു.സി ഉത്തരവിട്ടത്. കുഞ്ഞിനെ തിരികെയെത്തിച്ച് ഡി.എൻ.എ പരിശോധന ഫലം അനുകൂലമായതോടെ കുഞ്ഞ് അനുപമയുടെ കൈകളിലേക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.