എമ്മായിരി ചൂടാഷ്റ്റാ...ഈ ആഴ്ച സാധാരണയിൽ കവിഞ്ഞ ചൂട്
text_fieldsകോഴിക്കോട്: കുംഭമാസം അവസാനിക്കാനിരിക്കെ ജില്ലയിൽ പതിവിൽകവിഞ്ഞ ചൂട്. തിങ്കളാഴ്ചയും സാധാരണനിലയിൽനിന്ന് രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ് പകൽതാപനില ഉയരും. ഞായറാഴ്ച 36 ഡിഗ്രിയാണ് പകൽസമയത്തെ താപനില. സാധാരണ ശരാശരി അനുഭവപ്പെടേണ്ട ചൂടിനേക്കാൾ മൂന്നു ഡിഗ്രി കൂടുതലാണിത്. കുറഞ്ഞ താപനില 26 ഡിഗ്രിയായും ഉയർന്നിട്ടുണ്ട്.
65 ശതമാനമാണ് ഞായറാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം ജില്ലയിലെ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ്.
ഒരാഴ്ചയായി ജില്ലയിൽ ശരാശരിയിലും കൂടുതലാണ് പകൽതാപനില. അടുത്ത ഒരാഴ്ചയും ഈ അവസ്ഥക്ക് മാറ്റമുണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചക്കകം വേനൽമഴ കിട്ടാനുള്ള സാധ്യതയും വിരളമാണ്. ചൂട് കൂടിയതോടെ ചുമട്ടുതൊഴിലാളികളും കെട്ടിടനിർമാണ തൊഴിലാളികളുമടക്കമുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. കന്നുകാലികളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
- പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക.
- വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂടേല്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
- അംഗൻവാടി കുട്ടികൾക്ക് ചൂടേൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാതപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
- വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമീഷണർ തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്ക്കേണ്ടിവരുന്ന തൊഴില്‍സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
- ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ച സമയത്ത് (രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂടേൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
- മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്ന് വരെ) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
- യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കൈയിൽ കരുതുക. കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലിസമയം ക്രമീകരിക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജലലഭ്യത ഉറപ്പാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.