ഇന്ത്യ പരമദാരിദ്ര്യം നിർമാർജനം ചെയ്തെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യ ഔദ്യോഗികമായി പരമദാരിദ്ര്യം നിർമാർജനം ചെയ്തെന്നും മോദി സർക്കാറിന്റെ നയങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്നും അമേരിക്കൻ ഏജൻസി റിപ്പോർട്ട്. കേന്ദ്ര സർക്കാറിന്റെ 2022-23ലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി അമേരിക്ക ആസ്ഥാനമായ തിങ്ക്ടാങ്ക് ‘ബ്രൂകിങ്സി’നായി സുർജിത് ഭല്ല, കരൺ ഭാസിൻ എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ പ്രതിശീർഷ ഉപഭോഗം കൂടുതലായതും അസമത്വത്തിൽ കുറവ് വന്നതുമാണ് ഇന്ത്യയിൽ പരമദാരിദ്ര്യം ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം 2019ലെ 16.8 ശതമാനത്തിൽനിന്ന് 74.7 ശതമാനമായി വളർന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ആഗസ്റ്റിനും 2023 ജൂലൈക്കുമിടയിൽ നാഷനൽ സാമ്പിൾ സർവേ ഓഫിസ് നടത്തിയ ഗാർഹിക ഉപഭോഗ സർവേ അടിസ്ഥാനമാക്കി ഇന്ത്യയിലെ ദാരിദ്ര്യം കേവലം അഞ്ച് ശതമാനമായി കുറഞ്ഞെന്ന് നിതി ആയോഗ് അധ്യക്ഷനും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ അവകാശവാദം ചോദ്യം ചെയ്ത മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നിതി ആയോഗ് സമ്പന്നരെ സേവിക്കുന്നതിന് എന്തിനാണ് പാവങ്ങളെ പരിഹസിക്കുന്നതെന്ന് ചോദിച്ചു. രാജ്യത്തെ 6-56 മാസം പ്രായമുള്ള 67.1 ശതമാനം കുട്ടികളിലും 15-49 വയസ്സുള്ള 57 ശതമാനം സ്ത്രീകളിലും പോഷകാഹാരക്കുറവ് എങ്ങനെയുണ്ടായെന്നും ചിദംബരം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.