വനിത കമീഷനെ വിമർശിച്ചും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങൾ
text_fieldsതിരുവനന്തപുരം: പി.കെ ശശി എം.എൽ.എക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പ്രതികരിച്ച വനിത കമീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ വിമർശനവും പരിഹാസവും.
വനിത കമീഷന്റെ പരാമർശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയർന്നത്. കമീഷന് പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചു. രാഷ്ട്രീയംനോക്കി നിലപാടെടുക്കുന്ന രീതി രാജ്യത്തിന്റെ അന്ത:സത്തയെ ഇല്ലാതാക്കുന്നതാണ്. പരാതി കിട്ടിയാലേ നടപടിയെടുക്കൂ എന്ന് പറയുന്ന ഈ വനിത കമീഷന് എത്ര കേസില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ ചോദിച്ചു. സ്ത്രീക്ക് നീതി ലഭ്യമാക്കാന്‍ വനിത കമീഷന് കഴിയില്ലെങ്കില്‍ അവര്‍ രാജിവെച്ച് പോകണം. സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് പറയാന്‍ അവര്‍ക്ക് ലജ്ജയില്ലേയെന്നും ചാനൽ ചർച്ചക്കിടെ ബിന്ദുകൃഷ്ണ ചോദിച്ചു.
‘മുൾക്കിരീടമിതെന്തിനു നൽകീ’ എന്ന പാട്ടുപാടുന്ന നായികയുടെ ഭാവമാണ് വനിതാ കമീഷൻ അധ്യക്ഷയുടെ മുഖത്തെന്ന് പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘കാർന്നോമ്മാർ സമ്മതിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഇങ്ങനെയൊരു കമ്മീഷൻ അനാവശ്യ ബാധ്യതയല്ലേ’ എന്നും ശാരദക്കുട്ടി ചോദിക്കുന്നു.
ഇത്തരമൊരു പരാതി പരിഗണിക്കാൻ ഇടതു സർക്കാറിനും അതിെൻറ സംവിധാനങ്ങൾക്കും കഴിയുന്നില്ലെങ്കിൽ ഇന്നുവരെ ലോകമെമ്പാടുമുള്ള ഒാരോ സ്ത്രീയുടെയും നീതിക്കായി നമ്മളുയർത്തിയ മുറവിളികൾ റദ്ദാക്കപ്പെടുകയാണെന്നും നാളെ ഇനിയൊരു സ്ത്രീക്കുവേണ്ടി ശബ്ദിക്കാനുള്ള ധാർമികമായി അവകാശം നഷ്ടപ്പെടുത്തുകയണെന്നും സോണിയ ഷിനോയ് എന്ന റേഡിയോ പ്രവർത്തക എഴുതി. ‘അവൾക്കൊപ്പം’ എന്നു പറഞ്ഞുകൊണ്ടാണ് സോണിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘മനുഷ്യരായാൽ അങ്ങനെ പല തെറ്റും പറ്റും എന്ന് പറയാൻ ഒരു വനിതാ കമീഷെൻറ ആവശ്യമില്ല’, ‘ഇരയോടൊപ്പം നിൽക്കാൻ പാർട്ടിയുമില്ല, സർക്കാറുമില്ല വനിതാകമീഷനുമില്ല’ എന്ന തരം ഒറ്റവരി പോസ്റ്റുകളിലൂടെയും ആളുകൾ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ‘വനിത കമീഷൻ അധ്യക്ഷയോ അതോ ന്യായീകരണ കമീഷൻ അധ്യക്ഷയോ’? ‘വിഷൻ കമ്മിയായ അധ്യക്ഷ’, ‘ശശി കമീഷൻ’ തുടങ്ങി പരിഹാസ രൂപേണയുള്ള കമൻറുകളും ധാരാളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.