എ. ജയതിലകനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: എൻ. പ്രശാന്തിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകനെതിരെ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ ചീഫ് സെക്രട്ടറി വിശദീകരണം തേടും. മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥനെതിരെ മറ്റൊരു സിവിൽ സർവിസ് ഉദ്യോഗസ്ഥൻ വിവാദ പരാമർശം നടത്തിയത് സർവിസ് ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് പ്രശാന്തിൽനിന്ന് വിശദീകരണം തേടുന്നത്. നടപടി ഉണ്ടാകുമെന്നാണ് വിവരം.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്സ്ആപ് ഗ്രൂപ് വിവാദം സർക്കാറിന് കടുത്ത തലവേദനയാകുന്നതിനു പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തുറന്ന യുദ്ധം. ‘കലക്ടർ ബ്രോ’ എന്നറിയപ്പെട്ടിരുന്ന കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്താണ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കിൽ കുറിപ്പുകളുമായെത്തിയത്.
മുതിർന്ന ഉദ്യോഗസ്ഥനായ ജയതിലകിന്റെ ഫോട്ടോ അടക്കംപോസ്റ്റ് ചെയ്ത പ്രശാന്ത് രൂക്ഷ വിമർശനങ്ങളുമുന്നയിച്ചു. പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് ഉദ്ധരിച്ച് പത്രത്തിൽ രണ്ട് ദിവസമായി വാർത്ത വന്നതാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.
രണ്ട് ഫേസ്ബുക്ക് കുറിപ്പുകളാണ് ജയതിലകിനും പത്രത്തിനുമെതിരെയടക്കം പ്രശാന്ത് എഴുതിയത്. ആദ്യത്തെ പോസ്റ്റിൽ പത്രത്തിനെതിരെ രൂക്ഷവിമർശനമുന്നയിക്കുന്ന പ്രശാന്ത് , മറ്റ് ചില ഉദ്യോഗസ്ഥരെയും കളിയാക്കുന്നുണ്ട്. ഒരു കമന്റിന് ‘‘ ഈ ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’’ എന്നായിരുന്നു പ്രതികരണം. സുഹൃത്തുക്കൾ പലരും ആവശ്യപ്പെട്ടതിനാലാണ് ഇല്ലാത്ത സമയം ഇതിനായി വെറുതെ കളയുന്നതെന്നും ‘കലക്ടർ ബ്രോ’ പറയുന്നു.
ജയതിലകിന്റെ പടവുമായുള്ള രണ്ടാമത്തെ പോസ്റ്റിൽ തനിക്കെതിരെ പത്രത്തിന് വാർത്ത നൽകുന്നത് ജയതിലകാണെന്ന് പ്രശാന്ത് ആരോപിക്കുന്നു. ജയതിലകിനെതിരെ വെളിപ്പെടുത്തലുണ്ടാകുമെന്നും സ്പെഷ്യൽ സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു. ജയതിലകിനെ പത്രത്തിന്റെ സ്പെഷൽ റിപ്പോർട്ടറെന്നും അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹാവ്യക്തിയാണെന്നും പരിഹസിക്കുന്നുണ്ട്. സർക്കാർ തീരുമാനങ്ങൾക്കും നയങ്ങൾക്കും എതിരെ സംസാരിക്കാനാണ് സർവീസ് ചട്ടങ്ങളിൽ വിലക്കെന്നും ‘മഞ്ഞപത്രത്തിൽ പാർട്ട് ടൈം റിപ്പോർട്ടറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്’ പോസ്റ്റിടുന്നതിന് വിലക്കില്ലെന്നും പ്രശാന്ത് പറയുന്നുണ്ട്.
പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾക്കും മറുപടി നൽകുന്നുണ്ട്. ‘‘ഓണക്കിറ്റിൽ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയതാണ് ഐ.എ.എസ്’ എന്നാണ് ഇതിലൊന്ന്. ‘വ്യാജവാർത്തകൾ തയാറാക്കാൻ സീനിയർ ഓഫിസർതന്നെ ഇറങ്ങിയാൽ സത്യം വിളിച്ചുപറയാതെ നിർവാഹമില്ലല്ലോ’’എന്നാണ് മറ്റൊന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥൻ സാമൂഹികമാധ്യമത്തിലൂടെ ഉന്നത ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിക്കുന്നത് അപൂർവമാണ്. വിഷയത്തിൽ അസോസിയേഷനിൽ ആരും പരാതി നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ മാത്രമാണ് അറിവുള്ളതെന്നും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് ബി. അശോക് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘‘പത്രത്തിന്റെ സ്പെഷൽ റിപ്പോർട്ടർ എ. ജയതിലക് ഐ.എ.എസ് എന്ന സീനിയർ ഉദ്യോഗസ്ഥനെതിരെ പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിതനായിരിക്കുന്നു. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവാഹമില്ല. വിവരാവകാശ പ്രകാരം അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. കാര്യം അറിയാവുന്നവർക്ക് കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹാവ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയ ബഹുമാനത്തോടെ വേണം കേട്ടോ...’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.