'യഥാർഥ ശ്രീനാരായണീയർ ഇത് ചെയ്യില്ല, ഇത് സംഘ്പരിവാറിന്റെ തീക്കളി'; മുസ്‌ലിം ലീഗിനെ പ്രകോപിപ്പിക്കാം എന്ന് കരുതുന്നവർക്ക് ലീഗിന്റെ ചരിത്രമറിയില്ലെന്ന് ടി.സിദ്ദീഖ്
text_fieldsകോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണാക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം എസ്.എൻ.ഡി.പി പ്രവർത്തകർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് എം.എൽ.എ.
യഥാർഥ ശ്രീനാരായണീയർ ഒരിക്കലും ഇത് ചെയ്യില്ലെന്നും കേരളത്തെ കലാപകലുഷിതമാക്കി നേട്ടം കൊയ്യാൻ ഇറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ തീക്കളിയാണിതെന്നും സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യമെന്നും തങ്ങളെയും മുസ്ലിം ലീഗിനെയും പ്രകോപിപ്പിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാം എന്ന് കരുതുന്നവർക്ക് ലീഗിന്റെ ചരിത്രമറിയില്ലെന്നും സിദ്ദീഖ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് കൊല്ലങ്കോട് മുതലമടയിൽ സ്.എൻ.ഡി.പി പ്രവർത്തകർ സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ചത്.
മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിന് പിന്നാലെ മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മുതലമടയിലെ എസ്.എൻ.ഡി.പിയുടെ പ്രതിഷേധം.
ടി.സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"യഥാർത്ഥ ശ്രീനാരായണീയർ ഒരിക്കലും ഇത് ചെയ്യില്ല. കേരളത്തെ കലാപകലുഷിതമാക്കി നേട്ടം കൊയ്യാൻ ഇറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ തീക്കളിയാണിത്…
ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് തകരുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യം…
തങ്ങളെയും മുസ്ലിം ലീഗിനെയും പ്രകോപിപ്പിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാം എന്ന് കരുതുന്നവർക്ക് മുസ്ലീം ലീഗിന്റെ ചരിത്രമറിയില്ല എന്ന് മാത്രം ഓർമിപ്പിക്കുന്നു…"

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.