‘ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത ഉമ ചേച്ചി ഇതും അതിജീവിക്കും’ - ഷാഫി പറമ്പിൽ
text_fieldsഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത ഉമ ചേച്ചി ഇതും അതിജീവിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്.
കുറിപ്പ് പൂർണരൂപത്തിൽ
ഉമ ചേച്ചി കണ്ണു തുറന്നതായും കൈകാലുകൾ അനക്കിയതായും ആശുപത്രിയിൽ നിന്ന് അറിയിച്ചു. പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. മക്കളെ തിരിച്ചറിയാൻ കഴിയുന്നുണ്ട് എന്നാണ് കരുതുന്നത്. അവർ പറഞ്ഞപ്പോഴാണ് കൈയ്യും കാലുമൊക്കെ അനക്കിയത്.
ഇന്നലെ അവിടെ പോയി മക്കളെയും ആശുപത്രി അധികൃതരെയും പാർട്ടി സഹപ്രവർത്തകരെയും കണ്ടിരുന്നു. എല്ലാവരും ഇന്നത്തെ ദിവസത്തെ സംബന്ധിച്ച് പ്രതീക്ഷകളോടെ ഇരിക്കായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തവരാണ് ഉമ തോമസ്. ഇതും അവർ അതിജീവിക്കും
പൊലീസ് കേസെടുത്തു
പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സംഘടനക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇവൻറ് മാനേജ്മെന്‍റ് ഏറ്റെടുത്ത ഓസ്കർ ഇവൻറ് മാനേജ്മെന്‍റ് ഗ്രൂപ് ഉടമ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.
ജീവൻ അപകടത്തിലാക്കുന്ന അശ്രദ്ധ, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സ്റ്റേജിന് മുൻവശം നടന്നുപോകാൻ വഴിയുണ്ടായിരുന്നില്ല, കൈവരി സ്ഥാപിച്ചില്ല, അശ്രദ്ധയോടെ സ്‌റ്റേജ് നിർമിച്ചു എന്നിങ്ങനെ വീഴ്ചകൾ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.