‘‘അവർക്ക് വേണ്ടത് നമ്മുടെ ഔദാര്യവും കണ്ണുനീരുമല്ല, നീതിയാണ്’’
text_fieldsലോക്ഡൗൺ കാലത്ത് സ്വന്തം വീടും നാടുമണയാനുള്ള വെപ്രാളത്തിനിടെ തെരുവിലും റെയിൽവേ ട്രാക്കിലുമെല്ലാം പിടഞ്ഞുമരിച്ചത് നിരവധി പേർ. അതിൽ ഭൂരിഭാഗവും ഈ മഹാരാജ്യത്തിലെ മധ്യ-ഉപരിവർഗത്തിെൻറ നാഗരിക ജീവിതം പൊലിപ്പിക്കാൻ സ്വന്തം അധ്വാനവും, ആത്മാഭിമാനവും പണയപ്പെടുത്തി ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും അവരുടെ ഉറ്റവരുമായിരുന്നു. അതിെൻറ ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞദിവസം രാത്രി മധ്യപ്രദേശിലെ റെയിൽവേ ട്രാക്കിൽ ചതഞ്ഞരഞ്ഞ മനുഷ്യജീവനുകൾ.
രാജ്യത്തിെൻറ ഉദാരതയായി വാഴ്ത്തപ്പെടുന്ന സ്പെഷൽ ട്രെയിനുകൾ ഒക്കെ ആദ്യഘട്ടത്തിൽ തന്നെ ഏർപ്പാടാക്കിയിരുന്നുവെങ്കിൽ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഈ മഹാദുരിതം താങ്ങേണ്ടി വരില്ലായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തക സുധ മേനോൻ പറയുന്നു. സംരക്ഷിക്കേണ്ട ദേശരാഷ്ട്രവും ജനാധിപത്യവും അവരെ പാടെ അന്യവൽക്കരിച്ചപ്പോഴാണ് പെരുവഴിയിലേക്കും, പട്ടിണിയിലേക്കും, ഒടുവിൽ മരണത്തിലേക്കും അവർക്ക് നടന്നുപോകേണ്ടി വന്നതെന്ന് അവർ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
‘‘ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി അച്ഛനമ്മമാരുടെ ഏകമകൾ ആയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി സ്വന്തം നാടായ ഛത്തീസ്‌ഗഡിൽ നിന്നും തെലങ്കാനയിൽ എത്തിയ അവൾ ലോക്ക്ഡൌൺ കാരണം, ജോലിയും ഭക്ഷണവും ഇല്ലാതായതോടെ മറ്റു തൊഴിലാളികളോടൊപ്പം തിരികെ ഗ്രാമത്തിലേക്ക് കാൽനടയായി യാത്ര തിരിച്ചു. നൂറു കിലോമീറ്റർ, വിശപ്പും ദാഹവും സഹിച്ചു നടന്നു. പക്ഷെ, ഗ്രാമത്തിനു 11 കിലോമീറ്റർ അടുത്തെത്തിയപ്പോൾ വിശപ്പും ക്ഷീണവും സഹിക്കാനാവാതെ ആ കുഞ്ഞുപെൺകുട്ടി റോഡിൽ തളർന്നു വീണു മരിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 18 ന്.
രാജു സഹാനി എന്ന തൊഴിലാളി ഗുജറാത്തിലെ അങ്കലേശ്വറിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച, യു.പിയിലെ കുഷിനഗറിനു സമീപത്തെ തെൻറ ഗ്രാമത്തിലേക്ക് സൈക്കിളിൽ പോയിക്കൊണ്ടിരിക്കവേ വഡോദര എത്തിയപ്പോഴേക്കും അയാൾ റോഡിൽ വീണു മരിച്ചു.
ഡൽഹിയിൽ നിന്നും ബിഹാറിലേക്കു, യു.പി വഴി സൈക്കിളിൽ പോയ ധരംവീർ കുമാർ എന്ന തൊഴിലാളിയും ലക്‌നൗ എത്തിയപ്പോൾ സമാന സാഹചര്യത്തിൽ മരിച്ചു. മെയ് ഒന്നിന്, ലോകം മുഴുവൻ തൊഴിലാളി ദിനം പ്രതീകാത്മകമായി ആഘോഷിച്ചപ്പോൾ, അതേ ദിവസം, വിശന്ന് തളർന്ന ധരംവീർ പൊരിവെയിലിൽ വീണു മരിച്ചു! ഒടുവിൽ, ഇന്നലെ പുലർച്ചെ ക്ഷീണം തീർക്കാൻ തളർന്നുറങ്ങുന്നതിനിടയിൽ ഔറംഗാബാദിൽ, തീവണ്ടി കയറി മരണമടഞ്ഞത് 16 സാധു മനുഷ്യർ!
വിദൂരഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുന്ന ഏകദേശം അറുപതോളം തൊഴിലാളികൾക്കാണ് ഈ ലോക്ക് ഡൌൺ കാലത്തു സമാന സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മറ്റെല്ലാ സാധ്യതകളും പരാജയപ്പെടുമ്പോൾ ആണല്ലോ അവർ കാൽനടയായി എങ്കിലും വീട്ടിൽ എത്താൻ ആഗ്രഹിക്കുന്നത്? എന്നിട്ട് എന്താണ് അവർക്കു തിരിച്ചു കിട്ടുന്നത്?
കൊടും ചൂഷണവും അപമാനവും, നിർബന്ധിത പിരിച്ചുവിടലും, അടിമജോലിയും ഒക്കെ ചേര്‍ന്നു അശാന്തമാക്കിക്കൊണ്ടിരിക്കുന്ന, ഏറെ വൈരുധ്യങ്ങളും, വൈവിധ്യങ്ങളും നിറഞ്ഞ ഏകാശിലാരൂപമല്ലാത്ത, ഒന്നാണ് ഇന്ത്യയിലെ ഇതരസംസ്‌ഥാന തൊഴിൽ മേഖല. കെട്ടുകഥകളെക്കാള്‍ ഭീകരമായ സാഹചര്യത്തിൽ ജീവിക്കുന്നവർ. ഇവരിൽ ധാരാളം പേര്‍ കൃത്യമായ സേവന-വേതന വ്യവസ്ഥകള്‍ ഇല്ലാതെ ഒരു ഉടമയില്‍ നിന്നും വേറൊരു ഉടമയിലേക്ക് നിരവധി അനധികൃത കോണ്ട്രാക്ടര്‍മാരിലൂടെ കൈമാറ്റപ്പെടുന്നുണ്ട്. സമാനതകൾ ഇല്ലാത്ത അടിമത്തത്തിെൻറ ആധുനികരൂപം. അവർക്കിടയിലേക്കാണ് അർദ്ധരാത്രിയിലെ ലോക്ക് ഡൌൺ നാടകീയമായി പ്രഖ്യാപിക്കപ്പെട്ടത്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ!
ഇന്ന് സ്റ്റേറ്റിന്റെ ഉദാരതയായി വാഴ്ത്തപ്പെടുന്ന സ്പെഷ്യൽ ട്രെയിനുകൾ ഒക്കെ ആദ്യഘട്ടത്തിൽ തന്നെ ഏർപ്പാടാക്കിയിരുന്നുവെങ്കിൽ, ഈ മഹാരാജ്യത്തിലെ മധ്യ- ഉപരിവർഗ്ഗത്തിെൻറ നാഗരിക ജീവിതം പൊലിപ്പിക്കാൻ സ്വന്തം അധ്വാനവും, ആത്മാഭിമാനവും പണയപ്പെടുത്തി ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഈ മഹാദുരിതം താങ്ങേണ്ടി വരില്ലായിരുന്നു. സംരക്ഷിക്കേണ്ട ദേശരാഷ്ട്രവും ജനാധിപത്യവും അവരെ പാടെ അന്യവൽക്കരിച്ചപ്പോഴാണ് പെരുവഴിയിലേക്കും, പട്ടിണിയിലേക്കും, ഒടുവിൽ മരണത്തിലേക്കും അവർക്ക് നടന്നുപോകേണ്ടി വന്നത്.
പക്ഷെ, നമ്മുടെ ഔദാര്യമല്ല, കണ്ണുനീരല്ല അവർക്ക് ഇന്ന് വേണ്ടത്. നീതിയാണ്. അവരിൽ നിന്നും ബലമായി അപഹരിക്കപ്പെട്ട സാമാന്യ നീതി. പൊതുസമൂഹത്തിെൻറയും, വരേണ്യവർഗ്ഗത്തിെൻറയും ഉദാരത, അത് സഹതാപം ആയാലും ഭക്ഷണപ്പൊതി ആയാലും അവരുടെ ലെജിറ്റിമേറ്റ് അവകാശങ്ങൾക്കും ജനാധിപത്യസർക്കാരിൽ നിന്നും അവർക്കു ലഭിക്കേണ്ട സ്വാഭാവികനീതിക്കും പകരമാകുന്നില്ല.
അനീതി ആലേഖനം ചെയ്യപ്പെട്ട ശരീരങ്ങൾ ആണ് നമ്മൾ ഇന്നലെ ആ റെയിൽവേ ട്രാക്കിൽ കണ്ടത്. അതുകൊണ്ട്, ജനാധിപത്യരാഷ്ട്രത്തിലെ തൊഴിലാളികൾ എന്ന നിലയിലുള്ള അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ അവർക്കൊപ്പം നിൽക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ബഹുഭൂരിപക്ഷം കുടിയേറ്റതൊഴിലാളികൾക്കും യൂണിയൻ ഇല്ല. സീസണല്‍ തൊഴിലാളികള്‍ക്കിടയിൽ ട്രേഡ് യൂണിയൻ സംഘാടനം വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് മുഖ്യധാര ട്രേഡ് യുനിയനുകള്‍ ഒന്നും ഈ മേഖലയില്‍ അത്രയേറെ സജീവമല്ല.
ലോബിയിംഗ് നടത്താനോ, സമരങ്ങള്‍ നടത്തി മാധ്യമ ശ്രദ്ധ നേടാനോ അത്കൊണ്ട് തന്നെ അവർക്കു കഴിയുന്നുമില്ല. എങ്കിലും ഈ സാഹചര്യത്തിൽ, എന്തെങ്കിലും കാര്യക്ഷമമായി ചെയ്യാൻ കഴിയുന്നത് ട്രേഡ് യൂണിയനുകൾക്കു തന്നെയാണ്. യൂണിയൻ വളർത്തുന്നതിന് അപ്പുറം, സഹജീവികളോടുള്ള തങ്ങളുടെ നൈതികവും സാമൂഹ്യവുമായ ഉത്തരവാദിത്വമായി എല്ലാ തൊഴിലാളി സംഘടനകളും ഈ പ്രശ്നത്തെ ഏറ്റെടുക്കേണ്ടതാണ്. കാരണം, 'കളക്ടീവ് ബാർഗൈനിങ്', പ്രാതിനിധ്യം, നിരന്തരമായ രാഷ്ട്രീയ ഇടപെടൽ എന്നിവയിലൂടെ മാത്രമേ അപഹരിക്കപ്പെട്ട നീതി അവർക്ക് തിരികെ കിട്ടുകയുള്ളൂ.
അതുകൊണ്ട്, ഒരിക്കൽ കൂടി പറയട്ടെ, രാഷ്ട്രീയ അനീതിക്ക് പരിഹാരം പൊതുസമൂഹത്തിന്റെ കാരുണ്യത്തിൽ നിന്ന് മാത്രം കിട്ടില്ല; അതിന് രാഷ്ട്രീയ ബോധവൽക്കരണവും, ഭരണകൂടത്തിന്റെ ധാർമികമായ ഇടപെടലും, നീതി നടപ്പാക്കലും കൂടി വേണം. അതിനും കൂടിയാണ് നമ്മൾ ശ്രമിക്കേണ്ടത്.
ഓർക്കുക, "നീതിയുടെ ബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീര്‍ച്ചയായും നഷ്‌ടപ്പെടും" എന്ന ആനന്ദിെൻറ വാക്കുകളെ അത്രമേൽ കാലികപ്രസക്തമാക്കുന്നതാണ് റെയിൽപാളത്തിലും, നിരത്തുവക്കിലും ഒക്കെ നാം കണ്ട 'അനീതി ആലേഖനം ചെയ്യപ്പെട്ട' ആ ശരീരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.