സംഘ്പരിവാറിനെതിരെ ശ്രീജാ നെയ്യാറ്റിങ്കര; ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു
text_fieldsതിരുവനന്തപുരം: കൊടിഞ്ഞി സ്വദേശി ഫൈസലിനെ കൊലപ്പെടുത്തിയവർക്കെതിരെ രൂക്ഷ വിമർശനമുയർത്തുന്ന വെൽഫെയർ പാർട്ടി നേതാവ് ശ്രീജ നെയ്യാറ്റിങ്കരയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ശശികല എന്ന മക്കളെ പെറ്റ സ്ത്രീയേ നിങ്ങൾ കാണുന്നുണ്ടോ വർഗീയത കുഴുച്ചുരുട്ടി നൽകിയ ഭോജനം നുകർന്ന നിങ്ങളുടെ പ്രിയ ശിഷ്യൻമാർ കൊന്ന് തള്ളിയ പൊന്നുമോെൻറ ഒാർമ്മയിൽ നീറിപ്പുകയുന്ന ഒരമ്മയെ എന്ന് തുടങ്ങുന്ന പോസ്റ്റിൽ രാജ്യത്തിന്‍റെ ഭരണം കൊലയാളിയുടെ കൈയ്യില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ ജനാധിപത്യമേ.... ആ കൊലയാളിയുടെ അജണ്ട നടപ്പിലാക്കാന്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലും അലറിയടുക്കുന്ന രക്തദാഹികളെ നീ കാണുന്നില്ലേ... എത്ര അമ്മമാര്‍ക്കാണ് ഇവര്‍ കാരണം മക്കളെ നഷ്ടപ്പെട്ടത്... ഏത്രയെത്ര സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ഇവര്‍ കാരണം അനാഥമായിക്കൊണ്ടിരിക്കുന്നത് എന്നും അവർ ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണ രൂപം
ശശികല എന്ന മക്കളെ പെറ്റ സ്ത്രീയേ നിങ്ങള്‍ കാണുന്നുണ്ടോ വര്‍ഗ്ഗീയത കുഴച്ചുരുട്ടി നിങ്ങള്‍ നല്‍കിയ ഭോജനം നുകര്‍ന്ന നിങ്ങളുടെ പ്രിയ ശിഷ്യന്മാര്‍ കൊന്നു തള്ളിയ പൊന്നു മോന്‍റെ ഓര്‍മ്മയില്‍ നീറിപ്പുകയുന്ന ഒരമ്മയെ ... ഇസ്ലാം മതത്തെ പുല്‍കി തലയില്‍ തട്ടമിട്ട് ആ അമ്മ ഉമ്മയായി നിങ്ങളോട് പകരം വീട്ടിയത് ശശികലേ നിങ്ങള്‍ അറിയുന്നുണ്ടോ ....
അവിടൊരുമ്മയുണ്ട് .... നിര്‍ഭയത്വത്തെ വാരിപ്പുണര്‍ന്ന് ജീവിക്കുന്ന ഒരുമ്മ ..... സംഘപരിവാര്‍ ശക്തികള്‍ക്ക് ഒരിക്കലും ഭയപ്പെടുത്താനാകാത്ത ഒരുമ്മ ... അതെ കൊടിഞ്ഞിയിലെ ഫൈസലിന്‍റെ പൊന്നുമ്മ ..... ശശികല ശിഷ്യന്മാര്‍ വെട്ടി നുറുക്കിയ ഏക മകന്‍റെ ജീവനറ്റ ശരീരത്തിന് മുന്നില്‍ തളര്‍ന്നു വീണ ആ അമ്മ ഏണീറ്റത് വിപ്ലവകരമായൊരു തീരുമാനം എടുത്തുകൊണ്ടായിരുന്നു .......... തന്‍റെ മകന് എന്ത് കാരണത്താലാണോ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നത് ആ കാരണത്തെ ആ അമ്മയും തെരഞ്ഞെടുത്തു ... ഭയം ലവലേശമില്ലാതെ തന്നെ ..... ഇഷ്ടമതം തെരഞ്ഞെടുക്കാനുള്ള പൗരാവകാശം നിലനില്‍ക്കുന്നൊരു രാജ്യത്താണ് ഫൈസല്‍ മൃഗീയമായി കൊല്ലപ്പെട്ടത് .... അതേ അവകാശത്തെ ആ അമ്മയും സ്വീകരിച്ചു .... " അവനു വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യമാണ് ഞാന്‍ ചെയ്തിരിക്കുന്നത് പൂര്‍ണ്ണ സന്തോഷത്തോടെ ആരും നിര്‍ബന്ധിക്കാതെ " .... അതെ സംഘപരിവാറിന് കൊടുക്കാവുന്ന ഏറ്റവും ശക്തിയേറിയ പ്രഹരം കൊടുത്തുകൊണ്ട് ... കൃത്യമായ രാഷ്ട്രീയ തീരുമാനം എടുത്തുകൊണ്ട് തന്‍റെ മകന്‍റെ കൊലയാളികള്‍ക്കെതിരെ ആ അമ്മ വിരല്‍ ചൂണ്ടുന്നു ....
ഞങ്ങളോട് മകനെ കുറിച്ച് സംസാരിക്കുന്ന ഉമ്മയുടെ കണ്ണില്‍ ഇടയ്ക്കിടെ നനവ് പടരുന്നുണ്ടായിരുന്നു ..... പക്ഷേ അതൊരു പൊട്ടിക്കരച്ചിലിന് വഴിമാറാതിരിക്കാന്‍ അവര്‍ ബോധപൂര്‍വ്വം തന്നെ ശ്രമിക്കുന്നുണ്ടായിരുന്നു .... പനി കാരണം സ്കൂളില്‍ പോകാത്ത ഫൈസലിന്‍റെ മകന്‍ ഞങ്ങള്‍ക്കരികിലേക്ക് ഓടിയെത്തുമ്പോള്‍ തന്‍റെ കൊച്ചു മക്കളെ കുറിച്ചായി ഉമ്മയുടെ വര്‍ത്തമാനം ..." ഇവന്‍ ഒന്നും ചോദിക്കാറില്ല ഇവന് പക്ഷേ എല്ലാമറിയാം പക്ഷേ ഫൈസലിന്‍റെ മകള്‍ പറയും വാപ്പച്ചി ഗള്‍ഫിലാണ് അവിടന്ന് വാപ്പച്ചി സ്വര്‍ഗ്ഗത്തില്‍ പോയി ഞങ്ങള്‍ക്ക് ഉടുപ്പും കൊണ്ട് വരും " ..... ഉമ്മയുടെ ആ വാക്കുകള്‍ കേട്ട് ഒന്‍പതു മക്കളെ പെറ്റു വളര്‍ത്തിയ ഞങ്ങളുടെ ആയിഷാത്ത കരച്ചിലടക്കാന്‍ പെടുന്ന പാട് കണ്ടപ്പോള്‍ ഒരു വിങ്ങല്‍ എന്‍റെ തൊണ്ടയില്‍ കുടുങ്ങി ... എനിക്ക് കേള്‍ക്കാം എന്‍റെ നെഞ്ചോട് പറ്റിച്ചേര്‍ന്നിരിക്കുന്ന ആ പൊന്നു മോന്‍റെ ഹൃദയമിടിപ്പ് .... എത്രയും പെട്ടെന്ന് അവിടന്ന് ഒന്നിറങ്ങിയാല്‍ മതിയെന്നായി എനിക്ക് ... ഇതെഴുതുമ്പോള്‍ എന്‍റെ തുമ്പിക്കുട്ടി എന്നോട് ചോദിക്കുകയാണ് അമ്മ എന്തിനാ ഇങ്ങനെ കരയുന്നതെന്ന് ... കഴിയുന്നില്ല കുട്ടീ എനിക്കെന്‍റെ കണ്ണുനീരിനെ തടഞ്ഞു നിര്‍ത്താന്‍.....
യാത്ര പറഞ്ഞ് മുറ്റത്തിറങ്ങിയ ഞങ്ങളുടെ പിന്നാലെ ഓടി വന്ന ഉമ്മ എന്നെ അമര്‍ത്തി കെട്ടിപ്പിടിച്ചു ഒപ്പം വാവിട്ടൊരു നിലവിളിയും ..... പരിസരം പോലും മറന്ന് ഞാന്‍ ആ ഉമ്മയോടൊപ്പം പൊട്ടിക്കരഞ്ഞു .... ഇല്ല ഞാന്‍ മാത്രമല്ല ആയിഷാത്തയും റംലത്തയും ...സുഭദ്ര ചേച്ചിയും ഫായിസയും ഭാനുവും എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു ..... വര്‍ഷങ്ങള്‍ക്കു ശേഷം പരസ്യമായൊരു പൊട്ടിക്കരച്ചില്‍ ... രണ്ടായിരത്തിയഞ്ചില്‍ സെബാസ്റ്റ്യന്‍ എന്ന കാമഭ്രാന്തന്‍ പിച്ചിച്ചീന്തിയ രണ്ട് വയസുള്ള ശരണ്യ മോളുടെ നിശ്ചല ശരീരം പൊഴിയൂര്‍ പോലീസ് സ്റ്റേഷന്‍ ബഞ്ചില്‍ കിടത്തിയിരുന്ന കാഴ്ച കണ്ടാണ് അന്ന് ഞാന്‍ വാവിട്ട് നിലവിളിച്ചത് ... വര്‍ഷങ്ങള്‍ക്കു ശേഷം ... നൊന്തു പെറ്റ മകനെ നഷ്ടപ്പെട്ട് ഒരമ്മയുടെ അലറിക്കരച്ചില്‍ ... ഹൃദയമിടിപ്പ് ... എന്നെ പരിസരം മറന്ന നിലവിളിയിലെത്തിച്ചു ...
രാജ്യത്തിന്‍റെ ഭരണം കൊലയാളിയുടെ കയ്യില്‍ ഏല്‍പ്പിച്ച ഇന്ത്യന്‍ ജനാധിപത്യമേ .... ആ കൊലയാളിയുടെ അജണ്ട നടപ്പിലാക്കാന്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലും അലറിയടുക്കുന്ന രക്തദാഹികളെ നീ കാണുന്നില്ലേ ..... എത്ര അമ്മമാര്‍ക്കാണ് ഇവര്‍ കാരണം മക്കളെ നഷ്ടപ്പെട്ടത് ... ഏത്രയെത്ര സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ഇവര്‍ കാരണം അനാഥമായിക്കൊണ്ടിരിക്കുന്നത് ..... മതേതര രാജ്യം എന്നാല്‍ ഏതു മതത്തിലും വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം എന്നതല്ലേ .... എന്നിട്ടും ഇഷ്ടമതം തെരഞ്ഞെടുത്തു എന്ന കാരണത്താല്‍ നിങ്ങളൊരു പച്ച മനുഷ്യനെ വെട്ടി നുറുക്കിയില്ലേ .... സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്നവരേ ഈ അമ്മയുടെ കണ്ണുനീരിന് മറുപടി പറയാന്‍ നിങ്ങള്‍ക്കാകുമോ ...? മുഴുത്തൊരു സംഘി ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ച് കൈകഴുകിയ കേരള ഭരണകൂടമേ നിങ്ങള്‍ക്കുറപ്പ് നല്‍കാന്‍ കഴിയുമോ ഇനി ഒരമ്മയ്ക്കും ഈ ഗതി വരില്ലെന്ന് ....
ചില ചോദ്യങ്ങള്‍ കൂടെ .... മലപ്പുറത്തിന്‍റെ മണ്ണില്‍ ഹിന്ദു മതം തെരഞ്ഞെടുത്ത ഒരു മുസ്ലീമിനാണ് ഈ ഗതി വന്നതെങ്കില്‍ കേരളത്തിന്‍റെ പൊതുബോധം മലപ്പുറത്തെ മുസ്ലീം ജനതയെ തെരഞ്ഞുപിടിച്ച് കൊന്നു തള്ളില്ലായിരുന്നെന്ന് ഉറപ്പു പറയാന്‍ കഴിയുമോ ... ? മലപ്പുറത്തെ വര്‍ഗ്ഗീയമായി ചിത്രീകരിച്ച് മുഴുവന്‍ മുസ്ലീങ്ങളുടെ മേലും തീവ്രവാദം കെട്ടി വയ്ക്കില്ലായിരുന്നു എന്ന് പറയാന്‍ കഴിയുമോ ...? പക്ഷേ മലപ്പുറത്തെ കൊടിഞ്ഞി ശാന്തമാണ് .... ഫൈസലിന് ഭരണകൂടവും നിയമവ്യവസ്ഥയും നീതി ഉറപ്പാക്കുമെന്ന വിശ്വാസത്തോടെ പകയില്ലാത്ത ശത്രുതയില്ലാത്ത കാറ്റ് കൊടിഞ്ഞിയില്‍ ശാന്തമായി അലയടിക്കുന്നു ..... പക്ഷേ ആ കാറ്റിന് ചോരയുടെ മണമുണ്ട് .... സംഘപരിവാര്‍ എന്ന കൊടും വിഷം കൊന്നുതള്ളിയ ഫൈസലിന്‍റെ ചോരയുടെ മണം .....
മലപ്പുറത്തിന്‍റെ മാനവികതയെ സാഹോദര്യത്തെ സൌഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ ശക്തികളെ അനുവദിക്കാതിരിക്കുക എന്നതാണ് കൊടിഞ്ഞി ഉള്‍പ്പെടുന്ന മലപ്പുറത്തിന് ഫൈസലിനോട് ചെയ്യാനുള്ള ഏറ്റവും മഹത്തരമായ കാര്യം ..... അതിന് മലപ്പുറത്തിന് കഴിയും കാരണം മലപ്പുറത്തിന്‍റെ മനസിന് പകയില്ല .... വിദ്വേഷമില്ല ..... കളങ്കമില്ല ..... സര്‍വ്വോപരി മലപ്പുറത്തിന് കരുത്തായി സംഘപരിവാര്‍ ശക്തികള്‍ക്ക് താക്കീതായി ഉണ്ടവിടൊരു ഉമ്മ ..... പേറ്റു നോവറിഞ്ഞൊരു ഉമ്മ ..... ഫൈസലിന്‍റെ പൊന്നുമ്മ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.