ദർശനം മുടങ്ങിയ അയ്യപ്പഭക്തർക്ക് പന്തളത്ത് സൗകര്യങ്ങളൊരുക്കി
text_fieldsപന്തളം: തിരക്ക് കാരണം ശബരിമലയിൽ ദർശനം നടത്താനാവാതെ മടങ്ങിയ അയ്യപ്പഭക്തർക്ക് പന്തളം ക്ഷേത്രഭാരവാഹികൾ സൗകര്യങ്ങൾ ഒരുക്കി. പന്തളം വലിയ കോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രപരിസരത്ത് ഹോമകുണ്ഡമാണ് പ്രത്യേകം തയാറാക്കിയത്. നിലയ്ക്കലിൽ നിന്നും പമ്പയിൽനിന്നും തിരക്കുകാരണം സന്നിധാനത്തേക്ക് പോകാൻ പറ്റാത്തവർക്കാണ് സൗകര്യങ്ങൾ ഒരുക്കിയത്. ശബരിമലയിൽ അഭിഷേകം നടത്താനായി കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് ഉപയോഗിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അഭിഷേകം നടത്തി. അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തിൽ സമർപ്പിച്ചു.
തന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് വലിയകോയിക്കൽ ക്ഷേത്രത്തിൽ ആഴി ഒരുക്കിയതെന്ന് ക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. സുനിൽകുമാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ആഴി ഒരുക്കിയത്.
ശബരിമലയിൽ നടത്തേണ്ട ചടങ്ങുകൾ പന്തളത്ത് നടത്തിയതിൽ ഒരുവിഭാഗം വിശ്വാസികളിൽ അമർഷമുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പന്തളത്ത് എത്തിയ അയ്യപ്പഭക്തരാണ് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നാട്ടിലേക്ക് മടങ്ങിയത്. ആന്ധ്ര, കർണാടക, കേരളത്തിന്‍റെ വടക്കൻ ജില്ലകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തിയ ഇരുനൂറോളം തീർഥാടകരാണ് തിങ്കളാഴ്ച ഉച്ചമുതൽ പന്തളത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.