പോർച്ചുഗൽ പതാക കീറിയ ബി.ജെ.പിക്കാരനെ ഫാൻസുകാർ മർദിച്ചു, ആശുപത്രിയിൽ; സത്യമെന്ത്? FACT CHECK
text_fieldsഎസ്.ഡി.പി.ഐയുടെ പതാകയെന്ന് കരുതി കണ്ണൂർ പാനൂരിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകൻ പോർച്ചുഗൽ പതാക കീറിയ സംഭവം വൻ വൈറലായിരുന്നു. പറങ്കിപ്പടയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകർ കെട്ടിയ പോർച്ചുഗൽ പതാകയാണ് കഴിഞ്ഞദിവസം ദീപക് എന്ന ആർ.എസ്.എസുകാരൻ നശിപ്പിച്ചത്. അതിനുപിന്നാലെ, ഇയാളെ പോർച്ചുഗൽ ഫാൻസുകാർ ക്രൂരമായി മർദിച്ചുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദനമേറ്റ് ചോരയൊലിപ്പിച്ച്, തലയിൽ തുന്നിക്കെട്ടി ആശുപത്രിയിൽ ഇരിക്കുന്ന ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് ഈ വിവരം പരക്കുന്നത്.
പാനൂർ വൈദ്യർ പീടികയിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് പതാക കീറിയത്. പോർച്ചുഗൽ ആരാധകർ കെട്ടിയ പതാക രാത്രി ഏഴ് മണിയോടെ പ്രത്യേകിച്ച് കാരണമൊന്നുംകൂടാതെ വലിച്ച് കീറി നശിപ്പിക്കുകയായിരുന്നു. സംഭവം നേരിൽകണ്ട ചിലർ കാമറയിൽ പകർത്തി പ്രചരിപ്പിച്ചു. ഇത് കണ്ട പോർച്ചുഗൽ ആരാധകർ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതുകേട്ട ആരാധകരും ഞെട്ടി. യുവാവ് പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദീപക് എലങ്കോട് എന്നയാളാണ് പതാക കീറിയതെന്നും ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം. കീറിയ ശേഷമാണ് അത് പോര്‍ച്ചുഗല്‍ പതാകയായിരുന്നു എന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരാധകരും ഇയാളും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ പൊതുശല്യം ഉണ്ടാക്കിയതിന് കേസെടുത്തതായും പാനൂര്‍ പോലീസ് അറിയിച്ചു.
മർദനം സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശം:
'പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകന് പോർച്ചുഗൽ ഫാൻസിന്റെ മർദനമേറ്റു. പാനൂർ വൈദ്യർ പീടിക സ്വദേശിയായ പ്രമോദിനാണ് മർദനമേറ്റത്. പരിക്കുകളോടെ പ്രമോദിനെ തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു' എന്നാണ് വിവിധ ഫേസ്ബുക് പേജുകളിലും വാട്സാപ്, ട്വിറ്റർ, ടെലഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നത്.
തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയുടെ വിശദീകരണം:
മർദനമേറ്റ ബി.ജെ.പി പ്രവർത്തകനെ തലശ്ശേരി മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് സന്ദേശങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, പാനൂർ ഭാഗത്ത് നിന്ന് മർദനമേറ്റ പരിക്കുകളോടെ ഇന്ന് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പാനൂർ പൊലീസ് പറയുന്നത്:
പതാക കീറിയ ആർ.എസ്.എസ് പ്രവർത്തകനെ പോർച്ചുഗൽ ഫാൻസുകാർ മർദിച്ചുവെന്ന വിവരം സത്യമാണോ എന്നറിയാൻ പാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പതാക കീറിയതിന് കേസെടുത്തതല്ലാതെ മർദനം സംബന്ധിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല എന്ന് അവർ അറിയിച്ചു. മർദനം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇതോടൊപ്പം പ്രചരിക്കുന്നത് മറ്റൊരാളുടെ ചിത്രമാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.