പ്രതിസന്ധികള്‍ക്കിടയിലും ഫാക്ടില്‍ നടന്നത് ധൂര്‍ത്തിന്‍െറ മാമാങ്കം
text_fieldsകൊച്ചി: ജിപ്സം അഴിമതിക്ക് പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍നിന്ന് പുറത്തുവരുന്നത് ധൂര്‍ത്തിന്‍െറ കഥകളും. ഫാക്ടിന്‍െറ ഭൂമി പണയംവെച്ച് രക്ഷാ പാക്കേജിന് പണം വാങ്ങുകയും ജീവനക്കാരുടെ ശമ്പളംപോലും പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്ത വേളയില്‍ ചെയര്‍മാന്‍െറ വീടും ഓഫിസും മോടി പിടിപ്പിക്കാന്‍ ചെലവഴിച്ചത് ഒരു കോടി രൂപ. അതിനിടെ, ഇപ്പോഴത്തെ സി.ബി.ഐ റെയ്ഡിന് പിന്നില്‍ ‘കമ്പനിയോട് യുദ്ധം പ്രഖ്യാപിച്ച’ ചിലരാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനവും തലപ്പത്തുനിന്ന് ഉയരുന്നുണ്ട്.
ഫാക്ട് ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളിലാണ് ചെയര്‍മാനും എം.ഡിയുമായ ജയ്വീര്‍ ശ്രീവാസ്തവയുടെ വീട് മോടിപിടിപ്പിക്കാന്‍ ഭീമമായ തുക ചെലവഴിച്ചത്. എം.ഡിയുടെ ക്വാര്‍ട്ടേഴ്സില്‍ മരാമത്ത് പണിക്കായി മാത്രം ചെലവഴിച്ചത് 49, 56, 203 രൂപയാണ്. ഇതിന് പുറമേ വീട് പെയിന്‍റ് ചെയ്യാന്‍ പത്ത് ലക്ഷത്തോളം രൂപ. കൃത്യമായി പറഞ്ഞാല്‍, 9,40,193 രൂപ. പഴയ വയറിങ് മാറ്റി സ്ഥാപിക്കാന്‍ 4,82,660 രൂപ. ഇത് കൂടാതെ 2,35,130 രൂപ ചെലവഴിച്ച് ആറ് സ്പ്ളിറ്റ് എയര്‍ കണ്ടീഷണറുകളും 18,000 രൂപ ചെലവഴിച്ച ആറ് ഫാനുകളും വാങ്ങിയതായും രേഖകളില്‍ കാണുന്നു.
ഇതേ കാലയളവില്‍തന്നെ ഓഫിസ് മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 29.56 ലക്ഷം രൂപയാണ്. എം.ഡിയുടെ ഓഫിസിന്‍െറ മരാമത്ത് പണികള്‍ക്കായി 22,10,170 രൂപയും ഓഫിസിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് രണ്ടരലക്ഷം രൂപയും ലൈറ്റ് ഫിറ്റിങ്, എയര്‍ കണ്ടീഷണര്‍ എന്നിവക്ക് മാത്രമായി 4,96,694 രൂപയും ചെലവഴിച്ചതായാണ് കണക്ക്. ഫാക്ട് ഏറ്റവുമധികം പ്രതിസന്ധിയിലൂടെ കടന്നുപോയ 2013-14 സാമ്പത്തിക വര്‍ഷം സി.എം.ഡിയുടെ യാത്രക്ക് ചെലവഴിച്ചത് 24,17,917 രൂപയാണ്. ഇതില്‍ ആഭ്യന്തര വിമാന യാത്രക്കായി മാത്രം ചെലവഴിച്ചത് 18,25,000 രൂപയും.
ഒറ്റവര്‍ഷംകൊണ്ട് സി.എം.ഡിയും അദ്ദേഹത്തിന്‍െറ ഓഫിസിലെ ജീവനക്കാരുംകൂടി യാത്രക്കായി ചെലവഴിച്ചത് 30,35,117 രൂപയും. വീട് മോടി പിടിപ്പിക്കുന്നതിനും യാത്രക്കുമൊക്കെയായി വന്‍ തുക ചെലവഴിക്കുന്ന അവസരത്തില്‍തന്നെയാണ് ഫാക്ട് കടുത്ത പ്രതിസന്ധിയിലാണെന്നും രക്ഷിക്കാന്‍ രാസവളം മന്ത്രാലയം ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതും. ഫാക്ടിന്‍െറ ഭൂമി ഈടുവെച്ച് രക്ഷാപാക്കേജ് ഇനത്തില്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് വായ്പ വാങ്ങുന്നതിനിടെയാണ് ഉപോല്‍പന്നമായ ജിപ്സം മുമ്പ് വില്‍പന നടത്തിയിരുന്നതിനേക്കാള്‍ 80 ശതമാനം വില കുറച്ച് സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഇതിലെ അഴിമതിയാണ് ഏറ്റവുമൊടുവില്‍ സി.ബി.ഐ റെയ്ഡിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.