പേവിഷബാധ മരുന്ന് പരാജയം: സർക്കാറിന്റെ അനാസ്ഥയെന്ന് കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികൾ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികൾ മരിക്കാൻ ഇടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എസ്.സി.എല്ലിൽ നടക്കുന്ന അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്മക്ക് കാരണം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചതെന്ന് വ്യക്തമാണ്.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളുടേയും ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തയ്യാറാവണം. മരുന്ന് കമ്പനികൾക്ക് വേണ്ടി ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്. സർക്കാർ ആശുപത്രിയിൽ കെ.എം.എസ്.സി.എൽ വിതരണം ചെയുന്ന മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ കാരണം സർക്കാർ ഡോക്ടർമാർ പോലും രോഗികൾക്ക് അത് എഴുതാൻ മടിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ആധുനിക കാലത്ത് പേവിഷ ബാധിച്ച് ആളുകൾ മരിക്കുന്നത് ലജ്ജാകരമാണ്. ആരോഗ്യമേഖലയിൽ നമ്പർ വണ്ണാണ് കേരളമെന്ന് പറയുന്നവർ മലർന്ന് കിടന്ന് തുപ്പുകയാണ്. സർക്കാരിന്റെ പിടിപ്പ്കേട് കാരണം ജീവൻ നഷ്ടമായവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാൻ ആരോഗ്യമന്ത്രി തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.