പീഡന പരാതി അന്വേഷിക്കുന്നതിൽ വീഴ്ചയെന്ന്; കുണ്ടറ സി.ഐക്ക് സ്ഥലംമാറ്റം
text_fieldsകൊല്ലം: മന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. സംഭവത്തില്‍ കുണ്ടറ സി.ഐ എസ്. ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐയായ എസ്. മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സി.ഐ.
കേസ് അന്വേഷണത്തിൽ സി.ഐയ്ക്ക് വീഴ്ച പറ്റിയെന്ന് ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി. പത്മാകരനെതിരെയാണ് എന്‍.സി.പി നേതാവിന്‍റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. ഈ പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.
ആരോപണവിധേയനായ പത്മാകരന് എതിരെ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം, പീഡന പരാതിയില്‍ പ്രതിസ്ഥാനത്തുള്ള പത്മാകരനെതിരെ എന്‍.സി.പി നടപടിയെടുത്തു. പാര്‍ട്ടി അന്വേഷണ കമീഷന്‍ ശിപാര്‍ശ പ്രകാരമാണ് നടപടി. സംഭവത്തില്‍ നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ല പ്രസിഡന്‍റ് എസ്. രാജീവിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിൻ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയെയും കുറ്റപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നല്‍കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.