ന്യായവില വർധന: സബ് രജിസ്ട്രാർ ഓഫിസുകളിൽ വൻതിരക്ക്
text_fieldsകൊച്ചി: ശനിയാഴ്ച മുതൽ ഭൂമിയുടെ ന്യായവിലയിൽ വർധന നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് സബ് രജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. ന്യായവിലവർധനക്ക് മുന്നേ രജിസ്ട്രേഷൻ നടത്താനുള്ള ഗുണഭോക്താക്കളുടെ തള്ളിക്കയറ്റമാണ് സബ് രജിസ്ട്രാർ ഓഫിസുകളിൽ തിരക്ക് രൂക്ഷമാക്കിയത്. ഇതോടെ ഉദ്യോഗസ്ഥർ എണ്ണക്കുറവുള്ള ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി.
ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവിലയിൽ 20% വർധന വരുത്താൻ കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് തീരുമാനിച്ചത്. ഇതോടൊപ്പം രജിസ്ട്രേഷൻ ഫീസുകളും വർധിക്കുമെന്നതിനാലാണ് ഭൂമി രജിസ്ട്രേഷൻ നടത്താൻ ഓഫിസുകളിൽ തിരക്കേറിയത്.
തിരക്കേറിയതോടെ രജിസ്ട്രേഷനുള്ള ഒൺലൈൻ ടൈം സ്ലോട്ട് കിട്ടാതെ മടങ്ങുന്നവരും നിരവധിയാണ്. സംസ്ഥാനതലത്തിൽ തന്നെ ഈ ദിവസങ്ങളിൽ ഏകദേശം ആറായിരത്തോളം ആധാരം രജിസ്ട്രേഷനുകൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഈയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുന്നത് കോടികളാണ്.
എറണാകൂളം ജില്ലയിലെ 25 സബ് രജിസ്ട്രാർ ഓഫിസുകളിലായി പ്രതിദിനം 650 ഓളം രജിസ്ട്രേഷനുകളാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. സാധാരണ 350-450 നുമിടയിൽ രജിസ്ട്രേഷനുകൾ നടക്കുന്ന സ്ഥാനത്താണിത്. ജില്ലയിലെ തിരക്കേറിയ സബ് രജിസ്ട്രാർ ഓഫിസുകളിലൊന്നായ പുത്തൻകുരിശിൽ പ്രതിദിനമുള്ള 50 ടൈം സ്ലോട്ടുകളിലും വെള്ളിയാഴ്ച വരെ ഒഴിവില്ല.
ന്യായവില വർധന നിലവിൽ വരുന്നതോടെ നിലവിൽ സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുള്ള സ്ഥലത്തിന് 1,20,000 ആയി വർധിക്കും. കൂടാതെ 8 ശതാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം എഴുത്ത് ഫീസും ചേർത്ത് വിലയുടെ 10 ശതമാനം എഴുത്ത് ചെലവും ഈടാക്കും.
ഭൂരിഭാഗം പ്രദേശങ്ങളിലും ന്യായവിലയേക്കാൾ ഉയർന്നതാകും വസ്തുവിന്റെ വിപണി വിലയെങ്കിലും ചില പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച പരാതികളും നിലനിൽക്കുന്നുണ്ട്.
2010 ലാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിന്ശേഷം ഇപ്രാവശ്യത്തെ വർധനവടക്കം ആറ് തവണ ന്യായ വിലയിൽ വർധന വരുത്തി. ഇതേസമയം ഭൂമി രജിസ്ട്രേഷൻ സംബന്ധിച്ച് ആളുകൾക്കുള്ള അജ്ഞതയും തിരക്കു കൂടാൻ കാരണമായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആധാരത്തിൽ ഒപ്പിടുന്ന തീയതി െവച്ചാണ് ന്യായവില കണക്കാക്കുന്നതെന്നതിനാൽ ന്യായ വില വർധന പ്രാബല്യത്തിൽ വരും മുമ്പേ ഒപ്പിടുന്ന ആധാരങ്ങൾ അതിന് ശേഷം രജിസ്റ്റർ ചെയ്താലും പഴയ വിലക്കനുസരിച്ചാണ് നടപടികളെന്ന വിവരം പലർക്കും അറിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.