പച്ചപ്പിനായി തുറന്നുവെച്ച മൂന്നാം കണ്ണ്
text_fields‘‘കോടാനുകോടി ജനങ്ങളുടെ സ്വപ്നമാണ് ഈ ഭൂമി. അവരുടെ സ്വപ്നം തകർക്കരുത്. എന്തും സൂക്ഷിച്ച് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക’’. ഇങ്ങനെ നിരന്തരം പറഞ്ഞിരുന്ന ഒരാളായിരുന്നു ശരത് ചന്ദ്രൻ. മരങ്ങൾ നട്ടും തണലുകൾ പാകിയും ലോകം പരിസ്ഥിതി ദിനം ആഘോഷമാക്കുേമ്പാൾ ഒാർമയിൽ വരുന്നത് ശരത്തേട്ടനെയാണ്.
കേരളം മുഴുവൻ ക്ഷണിക്കാതെ തന്നെ നടന്ന് ഡോക്യുമെന്ററികൾ കാണിക്കുകയും പരിസ്ഥിതി പ്രവർത്തനത്തിെൻറ ആണിക്കല്ലായി മാറുകയും ചെയ്ത ശരത് ചന്ദ്രെൻറ വേര്‍പാട് കേരളത്തിന് എന്നും തീരാനഷ്ടമാണ്. സിനിമ ജനങ്ങളിലേക്ക് ഇറക്കി കൊണ്ടുപോയി കാണിച്ച് കാഴ്ച്ചയുടെ സംസ്കാരം തിരുത്തണം എന്നദ്ദേഹം നിരന്തരം പറയുമായിരുന്നു. അതിനായി ഒരു പദ്ധതി അദ്ദേഹം മുന്നോട്ട് വെച്ചപ്പോൾ ഞാനും അതിൽ ഒരു ഭാഗമായി. ‘‘നമുക്കത് നന്നായി ചെയ്യാം ഫൈസൽ, നിെൻറ ഈ ആശയം പ്രാവർത്തികമാക്കാം. ഞാനും കൂടെയുണ്ട്. പലരും സിനിമാ ഭ്രാന്ത് എന്നൊക്കെ പറയും അതൊന്നും നീ കാര്യമാക്കേണ്ട...’’ ഇതായിരുന്നു അവസാനമായി എന്നോട് പറഞ്ഞത്. ആ പദ്ധതി നടന്നില്ല... കാമറയുമായി ശരത്തേട്ടനും പിന്നെ നടന്നില്ല... പരിസ്ഥിതി ദിനാചരണങ്ങളിൽ മുടങ്ങാതെ വിളിക്കുമ്പോൾ എന്നെ കളിയാക്കും. ദിനങ്ങളാണോ കാര്യം..? എന്ന് ചോദിക്കും. എന്നും പ്രവർത്തിക്കുന്ന അദ്ദേഹത്തിനു എന്ത് ദിനം അല്ലേ?. എങ്കിലും, ഈ ദിനത്തിൽ എന്നും എനിക്കാദ്യം ഓർമവരിക ശരത്തേട്ടനെയാണ്.
പരിസ്ഥിതി ദിനങ്ങളിൽ, കൂട്ടായ്മകളില്‍ ഇനി ശരത് ചന്ദ്രന്‍ ഉണ്ടാവില്ല. ഭൂമിയെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന, അക്കാര്യം തെൻറ കാമറയില്‍ പകര്‍ത്തി കേരളത്തിെൻറ ഏതു മുക്കിലും മൂലയിലും കൊണ്ടു ചെന്നു കാണിക്കുന്ന ശരത് ചന്ദ്രന്‍ ഇന്ന് നമുക്കൊപ്പമില്ല. കേരളത്തിലെ പരിസ്ഥിതി സമരങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു ശരത്ചന്ദ്രെൻറ അകാലത്തിലെ ആ മരണം. പരിസ്ഥിതി സമരങ്ങളുടെ ചുട്ടുപൊള്ളുന്ന ഇടങ്ങളിലെല്ലാം ശരത് ഉണ്ടായിരുന്നു. സൈലൻറ്വാലി സമരം തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക പരിസ്ഥിതി സമരങ്ങളിലും ശരത്തുണ്ടായിരുന്നു. ആരും ക്ഷണിച്ചില്ലെങ്കിലും അറിയിച്ചിെല്ലങ്കിലും അവിടെ അദ്ദേഹമുണ്ടാകുമായിരുന്നു. ലാഭത്തിനോ പേരിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല ശരത്തിെൻറ ആ സഞ്ചാരങ്ങളെല്ലാം.
സമാന്തര പ്രവര്‍ത്തനമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഡോക്ക്യുമെൻററികൾ പ്രദര്‍ശിപ്പിച്ചു. ലോക ക്ലാസിക്ക് സിനിമകള്‍ പരിചയപ്പെടുത്തി. ഗ്രാമങ്ങളില്‍ നേരിട്ട് ചെന്ന് ചിത്രം പ്രദര്‍ശിപ്പിക്കാനായിരുന്നു ശരത്തിന് ഏറെ താൽപര്യം. വലിയ ഫെസ്റ്റിവെലുകളിൽ കാണാൻ കഴിയാത്ത സിനിമകൾ ഞങ്ങൾ പലരും കണ്ടത് ശരത്തേട്ടനിലൂടെയായിരുന്നു. പ്ലാച്ചിമടയെ പറ്റി എടുത്ത ‘തൗസൻറ് ഡെയ്സ് ആൻറ് എ ഡ്രീം’, ‘കൈപ്പുനീർ’ തുടങ്ങിയ ഡോക്യുമെൻററികള്‍ കൊക്കൊകോളക്കെതിരെ ശക്തമായ സമരഭാഷ്യമായിരുന്നു. കൂടാതെ ‘എല്ലാം അസ്തമിക്കും മുേമ്പ’, ‘കനവ്’, ‘എ പൂയംകുട്ടി ടെയ്ല്’, ‘ദ കേരള എക്സ്പീരിയന്‍സ്’, ‘ൈഡയിങ് ഫോര്‍ ദ ലാന്‍ഡ്’, ‘ഒണ്‍ലി ആന്‍ ആക്സ് എവേ’ എന്നിവയെക്കെ അങ്ങനെ കണ്ട ഡോക്യുമെൻററികളാണ്.
ഏറ്റെടുത്ത വിഷയങ്ങളോടുള്ള ആത്മാര്‍ത്ഥതയായിരുന്നു ശരത്തിെന വേറിട്ടു നിർത്തിയത്. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നു പ്രവത്തിക്കാന്‍ ഒട്ടും മടിക്കാത്ത, പച്ചപ്പിനെ എന്നും സ്നേഹിച്ചിരുന്ന, സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ എതിര്‍ക്കുന്ന ഡോക്യുമെൻററികളുമായി ഗ്രാമങ്ങളിൽ അലഞ്ഞ, ഭൂമിയുടെ വേദന തെൻറ തന്നെ വേദനയാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രകൃതി സ്നേഹിയായ ആ പച്ച മനുഷ്യന്‍ പച്ചപ്പ് വെല്ലുവിളിക്കപ്പെടുന്ന ഇൗ കാലത്ത് അത്തരം സമരങ്ങളുടെ മുന്നിൽ കാമറയുമായി ഉണ്ടാവില്ലല്ലോ എന്നോർക്കുേമ്പാൾ വേദന തോന്നുന്നു. നഷ്ടബോധവും. ഈ പരിസ്ഥിതി ദിനത്തിൽ മൊട്ടിടുന്ന സ്വപ്നങ്ങൾ പങ്കുവെക്കാൻ അദ്ദേഹം നമ്മോടൊപ്പമില്ല. പോരാട്ടത്തിെൻറ ആ മൂന്നാം കണ്ണ്‍ അകന്നുപോയിരിക്കുന്നു. ഈ ദിനത്തിൽ ഏറ്റവും അധികം ഓർക്കുന്നതും ആ മൂന്നാം കണ്ണിനെയാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.