ഫൈസല്‍ വധത്തില്‍ സംഘ്പരിവാര്‍ പങ്ക് വ്യക്തമാകുന്നു
text_fieldsമലപ്പുറം: തിരൂരങ്ങാടിയിലെ കൊടിഞ്ഞിയില്‍ മതം മാറിയ പുല്ലാണി ഫൈസല്‍ (30) കൊല്ലപ്പെട്ട സംഭവത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ അറസ്റ്റിലായവരില്‍ ഏഴു പേര്‍ പ്രദേശത്തെ സജീവ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച യാസര്‍ വധത്തിന് ശേഷം ഇപ്പോള്‍ ഫൈസല്‍ വധത്തില്‍ സംഘ്പരിവാര്‍ ബന്ധം വ്യക്തമായത് മലപ്പുറത്തെക്കുറിച്ച് ഭീകരകഥകള്‍ മെനയുന്ന ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കയാണ്.
ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ബാനറില്‍ ‘നൂറുല്‍ ഹുദ’ എന്ന പേരില്‍ പഠനശിബിരം സംഘടിപ്പിച്ച തൊട്ടടുത്ത ദിവസം തന്നെ മതം മാറിയതിന്‍െറ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതു സംബന്ധിച്ച് വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ ജില്ല നേതൃത്വം പ്രയാസപ്പെടുകയാണ്. ഫൈസല്‍ വധത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ബന്ധു വിനോദിന് പങ്കുണ്ടോയെന്ന കാര്യം അറിയില്ല. ബാക്കിയുള്ളവരെല്ലാം നിരപരാധികളാണ്. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ നടത്തുന്ന കാമ്പയിനുമായി ബന്ധപ്പെട്ട യോഗത്തില്‍ ഇവര്‍ പങ്കെടുത്തതിനെയാണ് ഫൈസല്‍ ഗൂഢാലോചനയായി പൊലീസ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ പ്രകോപനപരമായ പ്രസ്താവനകളോ പ്രതിഷേധങ്ങളോ സംഘടിപ്പിക്കാതെ മുസ്ലിം സംഘടനകള്‍ സ്വീകരിച്ച നിലപാട് പരക്കെ പ്രശംസിക്കപ്പെട്ടു. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന പൊലീസിന്‍െറ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ച് പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സംഘടനകള്‍. സംഭവത്തില്‍ എല്ലാ സംഘടനകളുടെയും പ്രതിനിധികളും ഉള്‍പ്പെട്ട ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കൊലയില്‍ നേരിട്ട് പങ്കാളികളായവരും ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകള്‍. അതേസമയം, യാസര്‍ വധത്തിലെ പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
ഫൈസല്‍ വധം: അറസ്റ്റിലായവര്‍ റിമാന്‍ഡില്‍
തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എട്ടു പേരെ പെരിന്തല്‍മണ്ണ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സഹോദരി ഭര്‍ത്താവും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കൊലപാതകത്തിന് ഗൂഢാലോചന നടത്തി കൃത്യത്തിന് സഹായിച്ച നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), ഫൈസലിന്‍െറ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്‍െറ മുഖ്യസൂത്രധാരനായ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരനായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജീഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചത്.
കൃത്യം നടത്തിയ മൂന്ന് പേര്‍ ഉള്‍പ്പെടെ ആറുപേരെ ഇനിയും പിടികൂടാനുണ്ട്. പിടിയിലായവരില്‍ ഒരാള്‍ ബി.ജെ.പി പ്രാദേശിക ഭാരവാഹിയും മറ്റൊരാള്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹിയുമാണ്. കൃത്യം നടന്ന നവംബര്‍ 19ന് പുലര്‍ച്ചെ ഫൈസല്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിന്‍െറ ഭാഗത്തുനിന്ന് പിന്തുടര്‍ന്ന് ബൈക്കിലത്തെിയ സംഘമാണ് കൊല നടത്തിയത്. മുഖ്യ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.