ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു; എൻ.െഎ.എ സംഘം മടങ്ങി
text_fieldsദുബൈ: സ്വർണക്കടത്തു കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ നിന്നുള്ള എൻ.െഎ.എ സംഘം ചോദ്യം ചെയ്തു. അബൂദബിയിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസം യു.എ.ഇയിൽ തങ്ങിയ സംഘം ബുധനാഴ്ച പുലർച്ച ഇന്ത്യയിലേക്ക് മടങ്ങി. കേസിൽ പുതിയതായി പ്രതി ചേർക്കപ്പെട്ട റബിൻസ് ഹമീദിനെയും ചോദ്യം ചെയ്തതായി സൂചനയുണ്ട്. എന്നാൽ, അറ്റാഷെയുമായി കൂടിക്കാഴ്ച നടത്തിയില്ല. യു.എ.ഇയിലെ അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങൾ എൻ.െഎ.എക്ക് കൈമാറി.
ഫൈസൽ ഫരീദിെൻറ ദുബൈയിലെ വിലാസത്തിൽ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്സൽ അയച്ചത്. ഇതിെൻറ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിെൻറ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.
കൈവെട്ടുകേസിന് ശേഷം യു.എ.ഇയിലേക്ക് മുങ്ങിയ പ്രതിയുമായി ബന്ധപ്പെട്ട് എൻ.ഐ.എ അന്വേഷിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്വേഷണം നടന്നിട്ടില്ല. അതേസമയം, ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെടാത്തതിനാൽ ഫൈസലിനെയും റബിൻസിനെയും കൈമാറുന്ന വിഷയത്തിൽ തീരുമാനമായിട്ടില്ല. ഫൈസലുമായി ബന്ധപ്പെട്ട ചെക്ക് കേസുകളിൽ അന്വേഷണം നടക്കുന്നതിനാൽ ഉടൻ കൈമാറ്റം ഉണ്ടാകാൻ സാധ്യതയും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.