ഫൈസുവിന് ഇനി ഭൂമിയിൽ ചവിട്ടി നിൽക്കാം
text_fieldsതൃശൂർ: ചാവക്കാട് തൊട്ടാപ്പിലുള്ള നാലേകാൽ സെന്റ് സ്ഥലം ഫൈസൽ ഫൈസുവിന്റെ വിയർപ്പിന്റെ മാത്രമല്ല, നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും കൂടി പ്രതിഫലമാണ്. ആരും ഇറക്കിവിടാത്ത, പരിഹസിക്കാത്ത, ആരെയും ഭയക്കാതെ കഴിയാൻ സ്വന്തമായ ഒരിടം. അതായിരുന്നു ഫൈസൽ ഫൈസുവിന്റെ ആഗ്രഹം. ഒടുവിൽ അത് യാഥാർഥ്യമായിരിക്കുന്നു. ട്രാൻസ്ജെൻഡർ എന്ന ‘ഐഡന്റിറ്റി’യിൽ കേരളത്തിൽ ആദ്യമായി ഭൂമി സ്വന്തമാക്കിയ വ്യക്തിയാണ് ഫൈസൽ ഫൈസു എന്ന തൃശൂർ ചാവക്കാട് അഞ്ചരക്കണ്ടി തൊട്ടാപ്പ് സ്വദേശി. തന്റെ ശരീരം ആണിന്റെയും മനസ്സ് പെണ്ണിന്റെയുമാണെന്ന് സ്വയം തിരിച്ചറിഞ്ഞ് ട്രാൻസ്ജെൻഡറാണെന്ന് സമൂഹത്തോട് വളരെ നേരത്തേ തുറന്നുപറഞ്ഞ വ്യക്തി.
ആദ്യം ചില എതിർപ്പുകളുണ്ടായെങ്കിലും രണ്ട് ജ്യേഷ്ഠന്മാരും രണ്ട് അനിയന്മാരും അവരുടെ കുടുംബവും ഉമ്മയും ഒക്കെ ഫൈസുവിനൊപ്പമുണ്ട്. പിതാവ് നേരത്തേ മരിച്ചു. തൊട്ടാപ്പിൽതന്നെയുള്ള നാല് സെന്റ് സ്ഥലത്താണ് കുടുംബവീട്. സ്വന്തമായി സ്ഥലമുണ്ടെങ്കിൽ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ വീട് പരിഗണിക്കാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതോടെയാണ് ഭൂമി വാങ്ങാനുള്ള ശ്രമം തുടങ്ങിയത്.
ജോലി ചെയ്തുണ്ടാക്കിയ പണം സ്വരുക്കൂട്ടിവെച്ചു. സഹോദരഭാര്യയുടെ ആഭരണങ്ങൾ പണയംവെച്ചും മറ്റുള്ളവരിൽനിന്ന് കടം വാങ്ങിയതുമെല്ലാം ചേർത്ത് കുടുംബവീടിനടുത്തുതന്നെ നാലേകാൽ സെന്റ് ഭൂമിക്ക് പണം നൽകി. ആധാരം തയാറാക്കി രജിസ്ട്രേഷൻ വകുപ്പിൽ ഓൺലൈനിൽ എന്റർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് തടസ്സം മനസ്സിലായത്.
ആൺ, പെൺ എന്നീ രണ്ട് കോളങ്ങളിൽ മാത്രമേ ആധാരം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. തന്റെ ട്രാൻസ്ജെൻഡർ സ്വത്വത്തിൽതന്നെ ഭൂമി രജിസ്റ്റർ ചെയ്ത് കിട്ടണമെന്ന് ഫൈസുവിന്റെ ആഗ്രഹമായിരുന്നു. പിന്നീട് അതിനായുള്ള ശ്രമമായി. ജില്ല കലക്ടർ, രജിസ്ട്രാര്‍ ഓഫിസ്, സാമൂഹിക നീതി വകുപ്പ്, ഐ.ടി സെല്‍ എന്നിവർക്കൊക്കെ അപേക്ഷ അയച്ചു. ഒടുവിൽ ഡിസംബർ 19ന് രജിസ്റ്റർ ഓഫിസിൽനിന്ന് വിളി വന്നു. സ്ത്രീ, പുരുഷ കോളങ്ങൾക്കൊപ്പം ട്രാൻസ്ജെൻഡർ എന്ന കോളം കൂടി ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇനി സ്വന്തം ആഗ്രഹപ്രകാരം ഭൂമി രജിസ്റ്റർ ചെയ്യാമെന്നും അറിയിച്ചുള്ളതായിരുന്നു ആ വിളി. തൊട്ടടുത്ത ദിവസംതന്നെ ഭൂമി സ്വന്തം പേരിൽ ട്രാൻസ്ജെൻഡർ ഐഡന്റിറ്റിയിൽ സ്വന്തമാക്കി. തന്റെ നേട്ടം നിരവധി ട്രാൻസ്ജെൻഡറുകൾക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നതായും ഫൈസു ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ കൊച്ചി മെട്രോ ജീവനക്കാരിയായിരുന്ന ഫൈസു നാഷനൽ ഹെൽത്ത് മിഷന് കീഴിൽ ട്രാൻസ്ജെൻഡർ ലിങ്ക് വർക്കറായി കൊച്ചിയിൽ ജോലി ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.