അട്ടപ്പാടിയിലെ വ്യാജ ആധാരം: മന്ത്രി കെ. രാജൻ ഉറപ്പ് പാലിക്കണമെന്ന് ആദിവാസികൾ
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ വ്യാജ ആധാരം സംബന്ധിച്ച് ശക്തമായി അന്വേഷണം നടത്തുമെന്ന് നിയമസഭക്ക് നൽകിയ ഉറപ്പ് മന്ത്രി കെ. രാജൻ പാലിക്കണമെന്ന് ആദിവാസികൾ. ഈ വർഷം ഫെബ്രുവരി 15 നാണ് വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയത് ആരാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നോ എന്ന കെ.കെ. രമയുടെ ചേദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നൽകിയിരുന്നു.
നിലവിൽ വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ല. വിശദമായി പരിശോധനകൾക്ക് ശേഷം മാത്രമേ വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് പൂർണായ വിവിരം കണ്ടെത്താൻ കഴിയു. ഇക്കാര്യത്തിൽ ശക്തമായ പരിശോധന നടത്തുമെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ റവന്യൂവകുപ്പ് ഗൗരവമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം ആദിവാസി കൈയേറ്റം സംബന്ധിച്ച പരാതികളെല്ലാം വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ ഒതുങ്ങുന്നുവെന്നാണ് ആദിവാസികൾ പറയുന്നത്.
അട്ടപ്പാടിയിൽ സന്ദർശം നടത്തി ആദിവാസി ഭൂമി കൈയേറ്റം നേരിട്ട് കണ്ടശേഷമാണ് കെ.കെ. രമ നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകളം തുടങ്ങിയ ആദിവാസി ഊരുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ 4,000 ത്തോളം ഏക്കർ ഭൂമി ആദിവാസികൾക്ക് നഷ്ടപ്പെട്ട വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിയോ എന്നാണ് കെ.കെ. രമ ചോദിച്ചത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ഷോളയൂർ വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ഈ മേഖലയിൽ വിശദമായ സർവേ നടപടികൾ ആവശ്യമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ ഷോളയൂർ വില്ലേജിനെ ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തി അടിയന്തരമായി സർവേ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.
നവകേരള സദസ് മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ നടന്നപ്പോൾ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ആദിവാസികളുടെ ആറ് പരാതികൾ ലഭിച്ചിരുന്നു. വെച്ചപ്പതിയിലെ നഞ്ചൻ, വെള്ളകുളത്തെ മരുതൻ, കുപ്പൻ, വെള്ളിങ്കിരി, പാപ്പ, തുടങ്ങിയ ആദിവാസികളാണ് പരാതി നൽകിയത്. ഈ പരാതികൾ പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നായിരുന്നു നിയമസഭയിൽ മന്ത്രി നൽകിയ മറുപടി.
ഷോളയൂർ വില്ലേജിൽ റീ സർവേ നടന്നിട്ടില്ലാത്തതിനാൽ ഒരേ സർവേ നമ്പറിൽ നികുതി അടക്കുന്ന വ്യത്യസ്ത വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ഷോളയൂർ വില്ലേജിൽ റെലിസ് പോർട്ടലിൽ നികുതി സ്വീകരിക്കുന്ന നടപടികൾ നടന്നുവരുന്നതിനാൽ അത് പൂർത്തിയാകുന്ന മുറക്ക് ഒരേ ഭൂമിക്ക് ഒന്നിലധികം അവകാശകളുണ്ടെങ്കിൽ കണ്ടെത്താൻ കഴിയുമെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്.
ഇക്കാര്യത്തിലും ആദിവാസികൾ ആകുലതയിലാണ്. വ്യാജരേഖ നിർമിക്കുന്നതിന് സഹായം നൽകുന്ന റവന്യൂ ഉദ്യോഗസ്ഥർ തന്നെ അന്വേഷണം നടത്തിയാൽ നീതി ലഭിക്കില്ലെന്നാണ് ആദിവാസി മഹാസഭ നേതാവ് ടി.ആർ. ചന്ദ്രൻ പറയുന്നത്. അതിനാലാണ് ആദിവാസികൾ ഉന്നത അന്വേഷണം ആവശ്യപ്പെട്ടത്. ഭൂമാഫിയ ബന്ധമുള്ളവരാണ് റവന്യൂ ഉദ്യോഗസ്ഥരെ കുറിച്ച് പലതവണ പരാതികൾ ലഭിച്ചിട്ടും ആർക്കെതിരെയും നടപടി ഉണ്ടാകില്ല.
ആദിവാസി ഭൂമി അളന്നു തിരിച്ചു നൽകാതെ ഡിജിറ്റൽ സർവേ നടത്തിയാൽ അത് തിരിച്ചടിയാവുമെന്ന് ആദിവാസികൾക്ക് ആശങ്കയുണ്ട്. ആദിവാസികളുടെ സെറ്റിൽമെൻറ് രേഖകൾ നോക്കിയല്ല ഡിജിറ്റൽ സർവേ നടക്കുന്നത്. വ്യാജ ആധാരം കൈവശം വെച്ചരിക്കുന്നവർക്ക് ഭൂമി അളന്നു കൊടുക്കുകയാണ് ഡിജിറ്റൽ സർവേയിലൂടെ ചെയ്യുന്നതെന്നും ആദിവാസികൾ ആരോപിക്കുന്നു. വ്യാജ ആധാരം നിർമിച്ചത് സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നൽകിയ പരാതിയിലും ആദിവാസികൾ ഇത് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.