നാട്ടുകാരെയും പൊലിസിനെയും വട്ടം ചുറ്റിച്ച് 'വ്യാജ ബോംബ്'!
text_fieldsകഴക്കൂട്ടം: ഒരുപകൽ നാട്ടുകാരെയും പൊലീസിനെയും വട്ടംചുറ്റിച്ച് നഗരസഭയുടെ ആറ്റിപ്ര സോണൻ ഓഫിസിന് പിന്നിൽ നിന്ന് കണ്ടെടുത്ത നാടൻ ബോംബ് വ്യാജമാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. പൊലിസിനെയും നാട്ടുകാരെയും കമ്പളിപ്പിക്കാൻ സാമുഹിക വിരുദ്ധരർ ഒപ്പിച്ച പണിയാണിതെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത ബോംബുകൾ കഴക്കൂട്ടം സ്റ്റേഷനിൽ എത്തിച്ച് നിർവ്വീര്യമാക്കിയ ശേഷം വൈകിട്ടോടെ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ബോംബുകൾക്കുള്ളിൽ വെറും കല്ലുകൾ മാത്രമാണെന്ന് കണ്ടെത്തിയതെന്ന് കഴക്കൂട്ടം പൊലിസ് പറയുന്നു.
ബുധൻ രാവിലെ 10.30 ഓടെയായിരുന്നു നഗരസഭ കുളത്തൂർ സോണൽ ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന പൊതു മാർക്കറ്റിൽ ഒളിപ്പിച്ചനിലയിൽ നാടൻ ബോബുകൾ കണ്ടെത്തിയത്. മാർക്കറ്റിൽ കച്ചവടം നടത്തുന്ന കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശിനിയാണ് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞനിലയിൽ സാധനങ്ങൾ വിൽപനക്കായി നിരത്തിവെക്കുന്ന പ്ലാസ്റ്റിക് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ ബോംബുകൾ കണ്ടെത്തുന്നത്. കച്ചവടത്തിനായി പെട്ടി മുന്നോട്ട് നീക്കുന്നതിനിടെ പ്ലാസ്റ്റിക്ക് കവർ ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാരി ആരോ മാങ്ങ പൊതിഞ്ഞു വെച്ചതാകാമെന്ന് കരുതി നോക്കി.
മാങ്ങയല്ലെന്നു ബോധ്യമായതോടെ പ്ലാസ്റ്റിക് കവറിലെ എലി കരണ്ടിയ ഭാഗത്തുകൂടി ഉള്ളിലേക്ക് നോക്കിയപ്പോഴാണ് ബോംബാ മറ്റോ ആണെന്ന് മനസിലായത്. തുടർന്ന് ഭയന്ന് മാറിയ അവർ മറ്റ് കച്ചവടക്കാരെ വിവരം ധരിപ്പിക്കുകയും അവർ കഴക്കൂട്ടം പൊലിസിനെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലിസും ബോംബ് സ്ക്വാഡും ചേർന്ന് ഇവ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്.
കഴക്കൂട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു
പൊതു മാർക്കറ്റിലെ പ്രധാന കെട്ടിടത്തിലാണ് അഞ്ച് നാടൻ ബോംബുകൾ കണ്ടെത്തിയത്. ഇവിടെ പൊതു മാർക്കറ്റ് കൂടാതെ നഗരസഭയുടെ പ്ലാസ്റ്റിക് ശേഖരണ കേന്ദ്രവും കൃഷിഭവൻ ഉൾപ്പെടെ ഒട്ടനവധി ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി നൂറ് കണക്കിന് ആൾക്കാർ വന്നു പോകുന്ന ഇവിടെ അടിക്കടി ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാക്കുന്നത് ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വികൾ പരിശോധിച്ച് ആരാണ് ഇത്തരം കബളിപ്പിക്കലുകൾക്ക് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രാത്രികാലങ്ങളിൽ ഉൾപ്പെടെ മാർക്കറ്റിൽ സാമൂഹ്യ വിരുദ്ധശലും ഏറി വരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്ലാസ്റ്റിക് ശേഖരണ യാഡും മാലിന്യനിക്ഷേപവും ഇവിടെ നിന്ന് മാറ്റിയാൽ ഒരു പരിധി വരെ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കഴക്കൂട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.