വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്
text_fieldsആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്.എഫ്.ഐ നേതാവുമായ നിഖിൽ തോമസിന് കേരള സർവകലാശാലയില്‍ ആജീവനാന്ത വിലക്ക്. സർവകലാശാല സിൻഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിഖിലിന് ഇനി കേരള സർവകലാശാലയിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. കായംകുളം എം.എസ്.എം കോളജ് അധികാരികളെ വിളിച്ചു വരുത്താനും രജിസ്ട്രാറും പരീക്ഷ കൺട്രോളറും അടങ്ങുന്ന സമിതി ഹിയറിങ് നടത്താനും ധാരണയായി. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപവത്കരിക്കാനും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് നിഖിൽ തോമസ് ചേർന്നത് ബി.കോം ജയിക്കാതെയായിരുന്നെന്ന് കണ്ടെത്തിയിരുന്നു. നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. നിഖിലിന്റെ കലിംഗ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിലെ രണ്ടാം പ്രതി അബിൻ സി. രാജ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പിടിയിലായിരുന്നു. എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിനാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ മൊഴി നൽകിയിരുന്നു. ഇതോടെ മാലദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.
അറസ്റ്റിലായ നിഖില്‍ തോമസിനെയും അബിന്‍ രാജിനെയും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ പാലാരിവട്ടത്തെ ഓറിയോൺ എജു വിങ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന വീട്ടില്‍ പൊലീസ് തെളിവെടുപ്പിനെത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.