വ്യാജ സർട്ടിഫിക്കറ്റ് വിവാദം: പി.എം ആർഷോയോടും കെ.എച്ച് ബാബുജാനോടും സി.പി.എം വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: പാർട്ടിക്ക് ഏറെ അവമതിപ്പ് ഉണ്ടാക്കിയ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയോടും ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം കെ.എച്ച് ബാബുജാനോടും സി.പി.എം വിശദീകരണം തേടി. ഇന്ന് രാവിലെ എ.കെ.ജി സെന്‍ററിലെത്തിയാണ് ഇരുവരും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വിശദീകരണം നൽകിയത്.
വിവാദത്തെ കുറിച്ച് ഇരുവരും പാർട്ടി നേതൃത്വത്തിന് കാര്യങ്ങൾ വിശദീകരിച്ചെന്നും വിഷയത്തിലുള്ള അതൃപ്തി സി.പി.എം നേതൃത്വം അറിയിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
കായംകുളം എം.എസ്.എം കോളജിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് അഡ്മിഷൻ ലഭിക്കാൻ ശിപാർശ ചെയ്തത് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ കെ.എച്ച് ബാബുജാൻ ആണെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. എന്നാൽ, നിഖിനിലായി ഇടപെട്ടില്ലെന്നാണ് ബാബുജാൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ എം.എസ്.എം കോളജിൽ എം.കോം പ്രവേശനം നേടിയ സംഭവത്തിൽ ഒളിവിൽ പോയ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന നിഖിൽ തോമസിനായി അന്വേഷണം ഊർജിതമായിട്ടുണ്ട്. നിഖിൽ തോമസിനായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം മുന്നേറുന്നത്.
കലിംഗ സർവകലാശാലയിൽ പൊലീസ് നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു വിദ്യാർഥി അവിടെ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾ പഠിച്ച എം.എസ്.എം കോളജിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് കണ്ടുകെട്ടി. പ്രവേശന നടപടികൾ സംബന്ധിച്ച് അന്ന് ചുമതലയിലുണ്ടായിരുന്ന അധ്യാപക-അനധ്യാപകരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.