ബി.കോം പൂർത്തിയാക്കാതെ എം.കോം? ആലപ്പുഴ എസ്.എഫ്.ഐയിലും വ്യാജ സർട്ടിഫിക്കറ്റ് വിവാദം
text_fieldsആലപ്പുഴ: കായംകുളം എം.എസ്.എം കോളജിലെ രണ്ടാം വർഷ എം.കോം വിദ്യാർഥിയായ എസ്.എഫ്.ഐ നേതാവ് എം.കോം പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്ന് ആരോപണം. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും കായംകുളം ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസിനെതിരെയാണ് ആരോപണം. ഇതേ തുടർന്ന് നിഖിലിനെതിരെ എസ്.എഫ്.ഐ നടപടിയെടുത്തു. രണ്ട് ഭാരവഹിത്വങ്ങളിൽനിന്ന് നീക്കി.
നിഖിലിന്റെ ജൂനിയർ വിദ്യാർഥിനിയായ ജില്ല കമ്മിറ്റി അംഗം നൽകിയ പരാതിയിന്മേലാണ് നടപടി. നിഖിൽ 2018-20ൽ ഇവിടെ ബി.കോം വിദ്യാർഥിയായിരുന്നു. 2021ലാണ് ഇതേ കോളജിൽ എം.കോമിന് ചേർന്നത്.
ബി.കോം പാസായതിന് ശേഷമാണോ ഇയാൾ പ്രവേശനം നേടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേ ചൊല്ലിയാണ് ആരോപണം.എം.കോം പ്രവേശനം ലഭിക്കാൻ 2019-21ലെ കലിംഗ യൂനിവേഴ്സിറ്റിയുടെ ബി.കോം സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ ഹാജരാക്കിയത്. കായംകുളത്തും കലിംഗ യൂനിവേഴ്സിറ്റിയിലും ഒരേ സമയത്ത് എങ്ങനെ പഠിച്ചു എന്നതാണ് നിലവില്‍ പ്രശ്നമായിരിക്കുന്നത്. കലിംഗ യൂനിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. കായംകുളം എം.എസ്.എം കോളജിൽനിന്ന് ബി.കോം പാസായിരുന്നില്ല. കലിംഗയിലെ ബിരുദ സർട്ടിഫിക്കറ്റിന് കേരള സർവകലാശാല അംഗീകാരം നല്‍കിയിട്ടുമില്ല.
നിഖിലിനെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് നാല് ദിവസം മുമ്പാണ്. ജില്ല കമ്മിറ്റിയില്‍നിന്ന് നീക്കിയത് വെള്ളിയാഴ്ച സി.പി.എം ജില്ല ഫ്രാക്ഷൻ യോഗത്തിലാണ്. 2019ല്‍ കായംകുളത്ത് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും 2020ല്‍ സര്‍വകലാശാല യൂനിയന്‍ ജോയന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ.മൂന്നുമാസം മുമ്പാണ് നിഖിലിനെതിരെ പരാതി ഉയർന്നത്.
ആരോപണം പരിശോധിക്കും -ആർഷോ
ആലപ്പുഴ: എസ്.എഫ്.ഐ നേതാവ് കായംകുളം എം.എസ്.എം കോളജിൽ വ്യാജ ഡിഗ്രി സമർപ്പിച്ച് പി.ജിക്ക് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ആലപ്പുഴയിൽ പറഞ്ഞു. എസ്.എഫ്.ഐ ആലപ്പുഴ ജില്ല സമ്മേളനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിഖിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച ശേഷമേ വ്യാജമാണോ എന്ന് പറയാനാകൂ. കായംകുളം കോളജിലെ ഡിഗ്രി രജിസ്ട്രേഷൻ റദ്ദാക്കിയാണ് കലിംഗ യൂനിവേഴ്സിറ്റിയിൽ ബി.കോം പഠിക്കാൻ ചേർന്നതെന്നാണ് നിഖിലിന്റെ വിശദീകരണം. തെറ്റായി പ്രവേശനം നേടിയെങ്കിൽ നടപടി ഉണ്ടാകും. സർട്ടിഫിക്കറ്റിന്റെ ആധികാരികത എസ്.എഫ്.ഐ പരിശോധിക്കും. എസ്.എഫ്.ഐക്കെതിരെ ഉയരുന്നത് ആരോപണങ്ങൾ മാത്രമാണ്. ഇത് പടച്ചുവിടുന്നവർക്ക് സംഘടനയെ തകർക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും ആർഷോ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.