വ്യാജ സർട്ടിഫിക്കറ്റ്: ആളിപ്പടർത്തിയത് സി.പി.എമ്മിലെ വിഭാഗീയത
text_fieldsകായംകുളം: പാർട്ടിക്കുള്ളിലെ വിഭാഗീയത ചൂടാക്കാൻ എസ്.എഫ്.ഐയിൽ കൊളുത്തിയ തീ ആളിപ്പടർന്നതോടെ കെടുത്താനാകാതെ നേതൃത്വം പ്രതിസന്ധിയിൽ. ഒരേ സമയം രണ്ട് സർവകലാശാലകളിൽ പഠിച്ച എസ്.എഫ്.ഐ നേതാവിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സർവകലാശാല വ്യക്തമാക്കിയത് എസ്.എഫ്.ഐയെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണ്.
വിഷയം വിവാദമാക്കിയതിനെച്ചൊല്ലി കായംകുളത്തെ സി.പി.എമ്മിനുള്ളിൽ ചേരിതിരിവ് രൂക്ഷമാണ്. പാർട്ടിക്കുള്ളിൽ ഏറെനാളായി നിലനിൽക്കുന്ന വിഭാഗീയതാണ് എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസിനെ മറയാക്കി പുറത്തേക്ക് വന്നത്. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാനെ ലക്ഷ്യമാക്കിയ ആരോപണം ബൂമറാങ്ങുപോലെ പാർട്ടിക്കുനേരെ തിരിഞ്ഞത് ഇത് ഉയർത്തിയവരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എസ്.എഫ്.ഐ ഏരിയ സമ്മേളനത്തിൽ ഉയർന്ന കോളജ് പ്രവേശന വിവാദം ജില്ല സമ്മേളനത്തോടെയാണ് പാരമ്യത്തിലെത്തിയത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിലൂടെ പ്രവേശനം നേടിയ വ്യക്തി ചുമതലകളിൽ വരുന്നത് സംഘടനക്ക് ദോഷകരമാകുമെന്നഒരു വിഭാഗത്തിന്റെ വാദം അംഗീകരിച്ച് നിഖിലിനെ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. തുടർന്ന് സംസ്ഥാന നേതൃത്വം നടത്തിയ തെളിവെടുപ്പിലാണ് നിഖിലിന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായതൊന്നും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാൽ, മണിക്കൂറുകൾക്കകം ഇതിനെ തള്ളി വൈസ് ചാൻസലർ തന്നെ രംഗത്തുവന്നു.
അതേസമയം, കഴിഞ്ഞ സമ്മേളന കാലയളവിലും സംഘടനക്കുള്ളിൽ നിഖിലിന് എതിരെ സമാനമായ ആക്ഷേപം ഒരുവിഭാഗം ഉയർത്തിയതായാണ് ഇപ്പോൾ അറിയുന്നത്. ഇത് അംഗീകരിക്കാതെയാണ് അന്നത്തെ പാർട്ടി നേതൃത്വം ഇദ്ദേഹത്തെ സെക്രട്ടറിയാക്കുന്നത്. ഇത്തവണ എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് തലേദിവസം പാർട്ടി ഓഫിസിൽ നടന്ന ഗൂഢാലോചനയാണ് ആരോപണം പുറത്തേക്ക് വരാൻ കാരണമായതെന്നാണ് ആക്ഷേപം. ഏരിയ സെന്റർ അംഗങ്ങൾവരെ ഇതിൽ പങ്കാളികളായി എന്ന തരത്തിലുള്ള ചർച്ചകൾ വരുംദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വഴിതെളിക്കുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.