അവസാനിപ്പിച്ചു, അജ്ഞാതവാസം; കെ. വിദ്യയുടെ അറസ്റ്റിൽ നിർണായകമായി അട്ടപ്പാടി കോളജിലെ മുഖാമുഖം
text_fieldsപാലക്കാട്: രണ്ടാഴ്ചത്തെ അജ്ഞാതവാസത്തിനുശേഷം കെ. വിദ്യ പുറത്തുവരുന്നത് വൻ പ്രതിഷേധങ്ങൾക്കൊടുവിൽ. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. കോളജില്‍ ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിന് എത്തിയപ്പോഴാണ് ഇവർ വ്യാജരേഖ ഹാജരാക്കിയത്. മഹാരാജാസ് കോളജില്‍ നേരേത്ത ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രേഖയായിരുന്നു സമര്‍പ്പിച്ചത്. രേഖയില്‍ സംശയം തോന്നിയതോടെ കോളജ് അധികൃതര്‍ മഹാരാജാസ് കോളജിനെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ് വിദ്യ. അട്ടപ്പാടി കോളജിൽ മഹാരാജാസ് കോളജിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലം കണക്കിലെടുത്താണ് കൊച്ചിയിൽനിന്ന് കേസ് അഗളിയിലേക്ക് കൈമാറിയത്.
ഈ മാസം രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളജില്‍ അഭിമുഖത്തിന് എത്തിയത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പൊലീസ് കോളജിലെത്തിയപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന് ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളജില്‍ ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിയ ശേഷം പ്രിന്‍സിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. തുടര്‍ന്ന് വീണ്ടും പൊലീസ് കോളജിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
അട്ടപ്പാടി കോളജില്‍ വിദ്യ ജോലിക്കായി നല്കിയ ബയോേഡറ്റയും ശേഖരിച്ചിരുന്നു. ബയോേഡറ്റയിലും ഇല്ലാത്ത പ്രവൃത്തിപരിചയം വിദ്യ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യയുടെ തട്ടിപ്പ് ആദ്യം കണ്ടെത്തിയ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള് വര്‍ഗീസ് വിശദമായ മൊഴി പൊലീസിന് നല്കി. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അഗളി കോളജിലെത്തി പരിശോധന നടത്തി മൊഴിയെടുത്തിരുന്നു.
വ്യാജരേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി 471, 465 വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസിൽ കാസര്‍കോട് ജില്ലയിലും വിദ്യക്കെതിരെ കേസുണ്ട്. കരിന്തളം ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ടാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.കേസെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂർ, വടകര ഭാഗങ്ങളിലും വ്യാപക തിരച്ചിൽ അഗളി പൊലീസ് നടത്തിയിരുന്നു. കണ്ണൂർ, കാസർകോട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചായിരുന്നു തിരച്ചിൽ. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് വിദ്യ കസ്റ്റഡിയിലായതെന്നാണ് സൂചന.
കേസെടുത്ത് 16ാം നാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ പിടിയിലായത് കേസെടുത്ത് 16ാം നാൾ. പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ്. വിദ്യയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോടതി അടുത്താഴ്ചയിലേക്ക് മാറ്റിയ സാഹചര്യത്തിലുമാണ് പൊലീസ് നടപടി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ദിവസങ്ങളായിട്ടും കഴിയാത്തത് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ മുഖ്യമന്ത്രി തിരിച്ചെത്തിയതോടെയാണ് പൊലീസ് ഉണർന്നത്.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലാണ് വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷയിൽ പാസായി എന്ന് രേഖപ്പെടുത്തിയ വിവരം പുറത്തുവന്നത്. അത് ഗൂഢാലോചയാണെന്ന ആർഷോയുടെ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെയടക്കം കേസെടുത്തത് വിവാദമായി. പിന്നാലെ, വിദ്യയും ആർഷോയും അടുത്ത സുഹൃത്തുക്കളാണെന്ന വിവരം പുറത്തുവന്നതോടെ വിദ്യക്ക് പാർട്ടിയുടെ സംരക്ഷണം ലഭിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.