സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റ്: അന്വേഷണം ശക്തമാക്കി പൊലീസ്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.തുടരന്വേഷണത്തിന് പൊലീസ് മഹാരാഷ്ട്രയിലേക്ക് പോകും. സ്വപ്ന ബിരുദം നേടിയെന്ന് പറയുന്ന മഹാരാഷ്ട്രയിലെ അംബേദ്കർ സർവകലാശാലയിൽ നേരിട്ട് പോയി അന്വേഷിക്കാനാണ് നീക്കം.
സർക്കാറിന് കീഴിലുള്ള ഐ.ടി വിഭാഗത്തിൽ സ്വപ്ന ജോലി നേടിയത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് സ്ഥാപന അധികൃതർ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എന്നാൽ, സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി എന്നതല്ലാതെ തുടർനടപടികളൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇപ്പോൾ സ്വപ്ന പുറത്തിറങ്ങുകയും പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. തനിക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ശിപാർശയിലാണെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്. ജോലിക്കായി സർട്ടിഫിക്കറ്റുകൾ കൈമാറിയില്ലെന്നും അവർ പറയുന്നു. യു.എ.ഇ കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചത് ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു. തുടർന്ന് ശിവശങ്കറിന്റെ ഫോൺ കോളിലൂടെയാണ് തനിക്ക് ജോലി ലഭിച്ചതെന്നും അവർ പറഞ്ഞിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ താൻ വിവാഹിതയായി. ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ജോലിയിലെ ഉത്തരവാദിത്തവും പരിഗണിച്ചാണ് വിവിധ ജോലികൾ ലഭിച്ചത്.
തന്റെ പേരിലുള്ള ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയത് ഭർത്താവാണെന്നും സ്വപ്ന പറയുന്നു. അതേസമയം നിയമനവും വിദ്യാഭ്യാസയോഗ്യതയും സംബന്ധിച്ച് സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലുണ്ടായിട്ടും വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ ശിവശങ്കറിനെതിരെ പൊലീസ് അന്വേഷണം നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.