സംസ്കൃത സർവകലാശാലയിൽ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ സർട്ടിഫിക്കറ്റ്
text_fieldsകാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്.എഫ്.ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ് ചാൻസലർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് നൽകിയതായി ആരോപണം. ബി.എ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ വനിതാ നേതാവിനെ ഗ്രേസ്മാർക്ക് നൽകി ജയിപ്പിക്കാനാണ് വി.സി വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് ആരോപണം.
സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടറുടെ ശിപാർശ പ്രകാരമാണ് വി.സി സർട്ടിഫിക്കറ്റ് നൽകിയത്. ബിരുദ പരീക്ഷ തോറ്റ വിദ്യാർഥികൾക്ക് സംസ്കൃത സർവകലാശാലയിൽ എം.എക്ക് പ്രവേശനം നൽകിയത് വിവാദമായതിന് തൊട്ടുപിന്നാലെയാണ് വനിതാനേതാവിന് വ്യാജ ഗ്രേസ് മാർക്ക് നൽകി വിജയിപ്പിച്ചത് പുറത്തായത്.
ഭരതനാട്യം മൂന്നാം വർഷ വിദ്യാർഥിനിക്കാണ് തോറ്റ മാർക്ക് ലിസ്റ്റ് പിൻവലിച്ച് 10 മാർക്ക് ഗ്രേസ് മാർക്കായി നൽകി വിജയിപ്പിച്ചതായി ആരോപണം ഉയരുന്നത്. യുവജനോത്സവത്തിലെ മലയാളം സ്കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി വിജയികളായവർ തങ്ങളുടെ ടീമിൽ ഈ വനിതാ നേതാവ് പങ്കെടുത്തില്ലെന്ന് പരാതിപ്പെട്ടപ്പോഴാണ് രഹസ്യമായി നൽകിയ ഗ്രേസ് മാർക്ക് തട്ടിപ്പ് പുറത്തറിയുന്നത്.
മത്സര വിജയികൾ വി.സിക്ക് രേഖാമൂലം പരാതി നൽകിയിട്ടും അത് പരിഗണിച്ചിട്ടില്ലെന്നും പറയുന്നു. ഈ വിദ്യാർഥിനിയുടെ തോറ്റ സർട്ടിഫിക്കറ്റ് പിൻവലിച്ചശേഷം ഗ്രേസ് മാർക്കിലൂടെ ബി.എ (ഭരതനാട്യം) ഡി ഗ്രേഡിൽ പാസായതായ സർട്ടിഫിക്കറ്റ് പ്രോ-വൈസ് ചാൻസലറാണ് ഒപ്പിട്ട് നൽകിയിരിക്കുന്നത്.ഡോ. എം.വി. നാരായണൻ മാർച്ചിലാണ് വി.സി ആയി നിയമിതനായത്. യു.ജി.സി ചട്ടപ്രകാരം പാനൽ നൽകാതെ സർച് കമ്മിറ്റി ഒരു പേരുമാത്രം നൽകിയതുകൊണ്ട് വൈസ് ചാൻസലർ നിയമനം ഗവർണർ മാസങ്ങളോളം തടഞ്ഞുവെച്ചിരുന്നത് വിവാദമായിരുന്നു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വകുപ്പ് പ്രഫസറായിരുന്നു ഡോ.എം.വി. നാരായണൻ.
തോറ്റ വനിതാ നേതാവിനെ ജയിപ്പിക്കാൻ വ്യാജ യുവജനോത്സവ സർട്ടിഫിക്കറ്റ് നൽകിയത് വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും ഇത് ഒറ്റപ്പെട്ടതല്ലെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും വ്യാജ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി.
പരാതി വാസ്തവ വിരുദ്ധമാണെന്ന് വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ പറഞ്ഞു. ആരോപണവിധേയായ വിദ്യാർഥിനി യുവജനോത്സവത്തിൽ പങ്കെടുത്തതായി രജിസ്റ്റർ ബുക്കിൽ ഉണ്ട്.കഴിഞ്ഞ മാസം അവസാനമാണ് പരാതി കിട്ടിയത്. പരാതി നൽകിയ കുട്ടിയുടെ വിലാസം പരിശോധിച്ചപ്പോൾ ആ കുട്ടി അറിയാതെയാണ് പരാതിയിൽ പേര് വെച്ചിരിക്കുന്നതെന്ന് വ്യക്തമായിരുന്നു.എന്നാലും വിഷയം ഗൗരവമായി എടുത്ത് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ഗ്രേസ് മാർക്ക് നൽകുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നതായും വി.സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.