ഉന്നത പഠനത്തിനും ഉയര്‍ന്ന ജോലിക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: സമഗ്രാന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ഉന്നത പഠനത്തിനും ഉയര്‍ന്ന ജോലിക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരാതരം പോലെ ഹാജരാക്കി അനധികൃതമായി ആനുകുല്യം കരസ്ഥമാക്കുന്നവര്‍ ഇടതു ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്ത് വിലസുകയാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുന്‍ എസ്.എഫ്.ഐ നേതാവ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. കോളജ് അധികൃതര്‍ കൈയോടെ പിടികൂടിയെങ്കിലും പ്രതിയെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും പതിനെട്ടടവും പയറ്റുകയായിരുന്നു.
ഇവര്‍ക്ക് ഒളിവില്‍ താമസിച്ച് തെളിവുകള്‍ നശിപ്പിക്കാനും നിയമപോരാട്ടം നടത്താനും ആവുന്നത്ര സമയം നല്‍കി ഇടതു സര്‍ക്കാരും സി.പി.എമ്മും കൂടെ നിന്നു. വിദ്യക്ക് കാലടി സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രവേശനം ലഭിച്ചത് സംവരണ തത്വങ്ങള്‍ മറികടന്നാണെന്നും ഇതിന് ഒത്താശ ചെയ്തത് ഉന്നത സി.പി.എം നേതാക്കളാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
എസ്.എഫ്.ഐ നേതാവും സി.പി.എം അംഗവുമായിരുന്ന നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ പി.ജി പ്രവേശനം നേടിയതും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി നിഖിലിനെതിരേ നടപടിയെടുത്തെങ്കിലും പ്രമുഖ സിപിഎം നേതാവാണ് ഇയാള്‍ക്കായി ശുപാര്‍ശ ചെയ്തതെന്ന വിഷയത്തില്‍ പാര്‍ട്ടി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
കാട്ടാക്കട കോളജില്‍ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ സംഭവവും സി.പി.എം ന്യായീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും അനധികൃത നിയമനങ്ങളും രാഷ്ട്രീയ സ്വാധീനത്തില്‍ നേടിയെടുക്കുന്നവരുടെ എണ്ണം ഇടതു ഭരണത്തില്‍ വര്‍ധിക്കുകയാണെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.