വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്: വളാഞ്ചേരി അർമ ലാബ് തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപ
text_fieldsവളാഞ്ചേരി: േകാവിഡ് പരിശോധനക്കായി ലാബിൽ സ്രവം നൽകിയവർക്ക് വ്യാജ നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതികൾ തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപയെന്ന് പൊലീസ്. ഏകദേശം 2000 പേർക്കാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. ജൂൈല 15 മുതൽ സെപ്റ്റംബർ 15വരെ 2500ഓളം പേരുടെ സ്രവമാണ് വളാഞ്ചേരി അർമ ലാബിൽ പരിശോധനക്കെടുത്തത്.
ഇതിൽ 490 പേർക്ക് മാത്രമാണ് യഥാർഥ സർട്ടിഫിക്കറ്റ് നൽകിയത്. പരിശോധനക്കെത്തുന്നവരിൽനിന്ന് 2750 രൂപ വാങ്ങും. കലക്ഷൻ ഇനത്തിൽ 500 രൂപയെടുത്ത് ബാക്കി തുകയും കോവിഡ് പരിശോധനക്കുള്ള സ്രവവും കോഴിക്കോട്ടെ ലാബിലേക്ക് അയക്കുകയായിരുന്നു പതിവ്.
കഴിഞ്ഞ മാസം 13നാണ് പെരിന്തൽമണ്ണ തൂത സ്വദേശി കോവിഡ് പരിശോധനക്കായി അർമ ലാബിനെ സമീപിച്ചത്. 14ന് ഇദ്ദേഹത്തിന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകി. 15ന് ഇതേ ലാബിൽനിന്ന് ഇദ്ദേഹത്തെ വിളിച്ച് പരിശോധനയിൽ തെറ്റുണ്ടെന്നും വീണ്ടും സ്രവമെടുത്ത് പരിശോധിക്കണമെന്നും അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഇയാൾ കോഴിക്കോട്ടെ മൈക്രോ ലാബുമായി ബന്ധപ്പെട്ടപ്പോഴാണ് പരിശോധനാഫലം പോസിറ്റിവാണെന്ന് അറിയുന്നത്.
മറ്റൊരാളുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി ഇയാളുടെ പേരിലാക്കിയതായിരുന്നു. മൈക്രോ ലാബിെൻറ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന വിവരം ശ്രദ്ധയിൽപെട്ടത്. തുർന്ന് സെപ്റ്റംബർ 16ന് ലാബ് പൂട്ടി സീൽ ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് അർമ ലാബ് ഉടമകൾ കമ്പ്യൂട്ടറിലെ മുഴുവൻ രേഖകളും നീക്കിയിരുന്നു. സൈബർ സെല്ലിെൻറ സഹായത്തോടെയാണ് ഈ രേഖകൾ വീണ്ടെടുത്തത്.
കോഴിക്കോട്ട് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബ്, അർസെൽ എന്നീ ലാബുകളുടെ പേരിലാണ് പ്രതികൾ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. ഈ രണ്ട് ലാബുകളുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഇവരുടെ കലക്ഷൻ ഏജൻറാണ് അർമ ലാബ്.
പരിശോധനക്കെത്തുന്നവരുടെ സ്രവം എടുത്തശേഷം തുടർ പരിശോധനക്കായി കോഴിക്കോേട്ടക്ക് അയക്കാതെ ടെസ്റ്റ് ട്യൂബ് കഴുകി വൃത്തിയാക്കി ലേബൽ ഒട്ടിച്ച് മറ്റുള്ളവരുടെ സ്രവവും ശേഖരിച്ചിരുന്നതായി അന്വേഷണസംഘം നേരേത്ത കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.