വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: അന്വേഷണം തമിഴ്നാട് സ്വദേശിയിലേക്ക്
text_fieldsകായംകുളം: എസ്.എഫ്.ഐയുടെ മുൻ നേതാക്കൾ ഉൾപ്പെട്ട വിവാദമായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയത് തമിഴ്നാട് സ്വദേശിയുടെ ചെന്നൈയിലെ സ്ഥാപനം. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജിതമാണ്. ഇയാളെ തേടി ചെന്നൈയിലെത്തിയ പൊലീസ് സംഘം സ്ഥാപനം തുറന്ന് പരിശോധിച്ചു. ചെന്നൈക്ക് പോയ സംഘം മടങ്ങിയെത്തി ഡിവൈ.എസ്.പി ജി. അജയനാഥിന് റിപ്പോർട്ട് നൽകി.
അതേസമയം, മുഖ്യപ്രതിയും സഹായികളും പിടിയിലായതോടെ പ്രധാന കടമ്പ കടക്കാനായതിന്റെ ആശ്വാസമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ്, മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന അബിൻ സി. രാജ്, എറണാകുളത്തെ ഒറിയോൺ എജ്യു വിങ്സ് ഉടമ സജു എസ്. ശശിധരൻ എന്നിവരാണ് തുടക്കത്തിൽ തന്നെ പിടിയിലായത്.
സജുവുമായുള്ള നിരന്തര ബാങ്ക് ഇടപാടുകളാണ് തമിഴ്നാട് സ്വദേശിയുടെ വിദ്യാഭ്യാസ ഏജൻസിയിലേക്ക് അന്വേഷണം നീളാൻ സഹായിച്ചത്. കലിംഗയുടെ ചില സർട്ടിഫിക്കറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ തോമസ് കരുവാറ്റ യു.ഐ.ടിയിൽ മെറിറ്റ് ക്വോട്ടയിൽ എം.കോം പ്രവേശനത്തിന് ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഓൺലൈനായി നൽകിയ അപേക്ഷയിൽ പ്രവേശനം ലഭിച്ചെങ്കിലും കേരള സർവകലാശാലയിൽനിന്നുള്ള ഈക്വലൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തത് തടസ്സമാകുകയായിരുന്നു.
2021 ആഗസ്റ്റിലാണ് കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദം, മൈഗ്രേഷൻ, പ്രവിഷനൽ എന്നീ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും സ്വന്തമാക്കുന്നത്. സഹപ്രവർത്തകനായിരുന്ന അബിനാണ് രണ്ട് ലക്ഷം രൂപ വാങ്ങി ഇതിന് ഇടനിലക്കാരനായത്. കേസിൽ നിർണായക തെളിവാകുമായിരുന്ന നിഖിലിന്റെ ഫോൺ കണ്ടെത്താൻ കഴിയാതിരുന്നതും തിരിച്ചടിയായിരുന്നു.
സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലെ സഹായിയായിരുന്ന ഇയാളുടെ ഫോണിൽ പല നേതാക്കളെയും കുഴപ്പത്തിലാക്കുന്ന തെളിവുകൾ ഒളിഞ്ഞ് കിടപ്പുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനിടെ നിഖിൽ ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷ 14ന് പരിഗണിക്കുമെന്നറിയുന്നു. ഇയാൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.