എം.ജി സർവകലാശാലയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്
text_fieldsകോട്ടയം: എം.ജി സർവകലാശാലയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഘം പ്രവർത്തിക്കുന്നു. ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ അടിയന്തര നടപടികൾക്ക് സർവകലാശാല തുടക്കമിട്ടു. ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറിയ പെൺകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കമ്പനി അധികൃതർ നടത്തിയ അന്വേഷണത്തിനിടയാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച് സൂചനകൾ ലഭിക്കുന്നത്.
പ്രിയങ്ക എന്ന പേരിൽ പെൺകുട്ടി സമർപ്പിച്ച ഇംഗ്ലീഷ് ബിരുദ പ്രൊവിഷനൽ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാൻ ഒരു ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ കമ്പനി സർവകലാശാലയിലേക്കു ഇ-മെയിൽ അയച്ചു കൊടുത്തതോടെയാണ് തട്ടിപ്പു പുറത്തായത്.
സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ അശ്വതി എന്ന മറ്റൊരു കുട്ടിയുടേതു ആണെന്ന് കണ്ടെത്തിയ ജീവനക്കാർ തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാപക തട്ടിപ്പാണ് കണ്ടെത്തിയത്. 2011ൽ ബിരുദ കോഴ്സിനു ചേർന്ന് 2014 മാർച്ചിൽ പാസായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും 2017ൽ ചേരുന്നവര്ക്ക് സർവകലാശാല അനുവദിക്കുന്ന 17 എന്ന അക്കത്തിൽ തുടങ്ങുന്ന രജിസ്റ്റർ നമ്പറാണ് സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.
2014 ആഗസ്റ്റിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്ന അസി.രജിസ്ട്രാർ ആ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു എത്തുന്നത് 2019 മേയ് 22നാണ്. ഇതിനൊപ്പം ഒപ്പിട്ടിരിക്കുന്ന യൂനിവേഴ്സിറ്റി അസിസ്റ്റന്റ് ജോലികിട്ടി സർവകലാശാലയിൽ എത്തുന്നതാകട്ടെ 2018ലും.
വായിക്കാൻ ബുദ്ധിമുട്ടുള്ള വിധത്തിൽ മങ്ങിയ നിലയിലാണ് സർട്ടിഫിക്കറ്റ് ഉള്ളത്. ഇതിലെ ഒപ്പുകൾ യഥാർഥമായതിനാൽ മറ്റു ഏതെങ്കിലും സർട്ടിഫിക്കറ്റിൽനിന്ന് പകർത്തിയതാകാം എന്നാണ് കരുതുന്നത്.
കൊട്ടാരക്കരയിലെ ഒരു കോളജിൽ പഠിച്ചുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. പല കമ്പനികളിലും ജോലിക്ക് ചേരുമ്പോൾ ബിരുദസർട്ടിഫിക്കറ്റിന് പകരം പ്രൊവിഷനൽ സർട്ടിഫിക്കറ്റാണ് ഉദ്യോഗാർഥികൾ നൽകാറ്. നേരേത്ത ആറുമാസമായിരുന്നു പ്രൊവിഷനൽ സർട്ടിഫിക്കറ്റിന്റെ കാലാവധി എങ്കിലും പിന്നീട് അത് എത്രകാലം വേണമെങ്കിലും ഉപയോഗിക്കാമെന്ന നിലയിലേക്ക് മാറിയിരുന്നു. ഈ പഴുതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. സംഭവത്തിന്റെ ഗൗരവം വ്യക്തമായതോടെ നിയമനടപടികൾക്കു ഒരുങ്ങുകയാണ് സർവകലാശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.