വ്യാജ സർട്ടിഫിക്കറ്റ് വിവാദം: കായംകുളം എം.എസ്.എം കോളജ് പ്രിൻസിപ്പലിനെ മാറ്റി
text_fieldsതിരുവനന്തപുരം: ബി.കോം പരീക്ഷയിൽ തോറ്റ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് കലിംഗ സർവകലാശാലയുടെ വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റിൽ എം.കോം പ്രവേശനം നൽകിയ സംഭവത്തിൽ കായംകുളം എം.എസ്.എം കോളജ് പ്രിൻസിപ്പലിനെ ചുമതലയിൽ നിന്ന് നീക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന ഡോ. മുഹമ്മദ് താഹയുടെ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർതല അപ്രൂവൽ പിൻവലിക്കാൻ സർവകലാശാല തീരുമാനിച്ചു.
നിഖിൽ തോമസ് എം.കോമിന് ചേർന്ന് പഠിച്ച കോമേഴ്സ് പഠന വകുപ്പിലെ ആറ് അധ്യാപകർക്കെതിരെ നടപടിക്കും കോളജ് മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാല രജിസ്ട്രാർ പ്രഫ. കെ.എസ്. അനിൽ കുമാർ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. സൈമൺ തട്ടിൽ, പരീക്ഷ കൺട്രോളർ ഡോ.എൻ. ഗോപകുമാർ എന്നിവരടങ്ങിയ സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർവകലാശാല നടപടി.
നിഖിൽ തോമസിന്‍റെ പ്രവേശനത്തിൽ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും സർവകലാശാല റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കായംകുളം കോളജിൽ ബി.കോമിന് പഠിച്ച് തോറ്റ നിഖിൽ തോമസ് അതെ പഠന വകുപ്പിൽ എം.കോമിന് ചേർന്ന് പഠിച്ച സമയത്ത് വേണ്ട ജാഗ്രത പുലർത്തിയില്ലെന്ന് കാണിച്ചാണ് ആറ് അധ്യാപകർക്കെതിരെ നടപടിക്ക് മാനേജർക്ക് നിർദേശം നൽകിയത്.
കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് നിഖിൽ തോമസ് ചേർന്നത് ബി.കോം ജയിക്കാതെയായിരുന്നെന്ന് കണ്ടെത്തിയിരുന്നു. നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാല രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. നിഖിലിന്റെ കലിംഗ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തി.
നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിലെ രണ്ടാം പ്രതി അബിൻ സി. രാജ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പിടിയിലായിരുന്നു. എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിനാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതെന്നാണ് നിഖിൽ മൊഴി നൽകിയത്. ഇതോടെ മാലദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു.
നിഖിൽ തോമസിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചി പാലാരിവട്ടത്തെ 'ഓറിയോൺ എഡ്യു വിങ്ങ്' സ്ഥാപന ഉടമ സജു എസ്. ശശിധരനും പിടിയിലായിരുന്നു. എസ്.എഫ്.ഐ കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്നു നിഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.