വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നിഖില്‍ തോമസ് ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsകായംകുളം: വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന കായംകുളം കിളിലേത്ത് വീട്ടിൽ നിഖിൽ തോമസിനെ (23) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച പുലർച്ചെ 1.15ഓടെ കോട്ടയം ബസ് സ്റ്റാൻഡില്‍ വച്ചാണ് നിഖിലിനെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകുന്നതിനിടെയാണ് പുലർച്ചെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എം.സി റോഡിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ നിഖിലിനെ കണ്ടെത്തുന്നത്. കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കേസെടുത്തതിന് പിന്നാലെ അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനായി അന്വേഷണം ഊർജിതമായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രീകരിച്ചിരുന്ന സംഘം പെട്ടന്നാണ് അന്വേഷണ ദിശ കോട്ടയത്തേക്ക് മാറ്റിയത്. വിശദമായ ചോദ്യം ചെയ്യലിൽ കണ്ടല്ലൂർ സ്വദേശിയായ മുൻ എസ്.എഫ്.ഐ നേതാവ് അബിൻ സി. രാജാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയതെന്ന് ഇയാൾ മൊഴി നൽകി. എറണാകുളത്തെ വിദ്യാഭ്യാസ ഏജൻസിക്കും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി. സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് അബിൻ ഈടാക്കിയത്. അക്കൗണ്ടിലാണ് തുക നൽകിയതെന്നും മൊഴി നൽകി. കേസിൽ അബിൻ സി. രാജിനെയും പ്രതിയാക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവൈ.എസ്.പി ജി. അജയനാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവർ പറഞ്ഞു.
നിഖിൽ കോഴിക്കോട്ടാണ് ഒളിവിൽ കഴിഞ്ഞന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് അറിയാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ കണ്ടെടുക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. വ്യാജ സർട്ടിഫിക്കറ്റിന്റെ വ്യാപ്തി സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ അബിനെ കസ്റ്റഡിയിലെടുക്കണം. ഇയാൾ മാലിയിലാണെന്നാണ് അറിയുന്നത്. ഇവിടെ നിന്നും പിടികൂടുന്നതിനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.
ചത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.എസ്.എം കോളജില്‍ എം.കോം പ്രവേശനമാണ് നിഖിൽ നേടിയത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ രജിസ്ട്രേഷൻ സർവകലാശാല റദ്ദ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റുകൾ യഥാർഥമാണെന്ന് വിശ്വസിച്ച എസ്.എഫ്.ഐ നേതൃത്വം ആദ്യം നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും അബദ്ധം തിരിച്ചറിഞ്ഞ് പിന്നീട് സംഘടനയില്‍ നിന്നു പുറത്താക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മും ഇയാളെ പുറത്താക്കി.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കിയ പ്രതിയെ വൈകിട്ട് 4.30 ഓടെയാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ജൂൺ 30 വരെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി എ.പി.പി അരുൺ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.