പപ്പായ ഇലച്ചാറിനു പിന്നാലെ ഗുളികയും; വ്യാജ സന്ദേശം വാട്സ്ആപ്പിൽ പ്രചരിക്കുന്നു
text_fieldsകോഴിക്കോട്: ഡെങ്കിപ്പനി മാറാൻ പപ്പായ ഇല കഴിക്കൂ എന്ന തെറ്റായ പ്രചാരണത്തിനു പിന്നാലെ 48 മണിക്കൂറിൽ ഡെങ്കിപ്പനി സുഖപ്പെടുത്തുമെന്ന വാഗ്ദാനവുമായി പപ്പായ ഇലയുടെ സത്ത് ചേർത്ത ഗുളികയുടെ വിവരങ്ങൾ വാട്സ്ആപ്പിൽ പ്രചരിക്കുന്നു. ബംഗളൂരു ആസ്ഥാനമായ മരുന്നു കമ്പനി ഉൽപാദിപ്പിക്കുന്ന കാരിപിൽ എന്ന ഗുളികയാണ് പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കുമെന്ന പ്രചാരണവുമായി വാട്സ്ആപ്പിൽ കറങ്ങിത്തിരിയുന്നത്.
ഡെങ്കിയെ 24 മണിക്കൂറിൽ സുഖപ്പെടുത്തുമെന്ന ഉറപ്പോടെയാണ് ഗുളികയുടെ ചിത്രവും കർണാടക കേന്ദ്രീകരിച്ചുള്ള വിവിധ മൊബൈൽ നമ്പറുകളുമായി ഇത് വാട്സ്ആപ്പിലെത്തുന്നത്. ഡെങ്കി ബാധിച്ചുണ്ടാകുന്ന പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞ ഇന്ത്യയിലെയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെയും രോഗികളിൽ പരീക്ഷിച്ചു തെളിഞ്ഞത് എന്നാണ് ഗുളികയെക്കുറിച്ചുള്ള വാദം.
എന്നാൽ, ഇതിനു ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലെന്ന് തെറ്റായ ആരോഗ്യപ്രചാരണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ സജീവ ഇടപെടൽ നടത്തുന്ന ഡോ. ഷിംന അസീസ് പറയുന്നു. മരുന്നുകളുടെ ഫലപ്രാപ്തിയും മറ്റും പരീക്ഷിക്കുന്ന റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽ എന്ന പ്രക്രിയയിലൂടെ കടന്നുപോവാത്ത കാരിപിലിെൻറ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതല്ലെന്നാണ് വാദം.
ആഴ്ചകൾക്കുമുമ്പ് ഡെങ്കിപ്പനി മാറുന്നതിനായി പപ്പായ ഇലച്ചാർ കഴിച്ചാൽ മതിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വാട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് പപ്പായ ഇല ഗുളിക സന്ദേശങ്ങളും. പപ്പായ ഇലച്ചാർ കഴിക്കുന്നവരിൽ ഏറെപ്പേർക്കും വായ പൊള്ളൽ, ആമാശയം പൊള്ളൽ, വയറിളക്കം തുടങ്ങിയ പരിണിതഫലം ഉണ്ടാവാറുണ്ട്. ഈ ഗുളികയും ഇതേഫലം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന ഉദ്ദേശ്യവുമായി ഇത്തരത്തിൽ അനാവശ്യമായ സന്ദേശം ഫോർവേഡ് ചെയ്യൽ പ്രതികൂലഫലമാണ് സൃഷ്ടിക്കുകയെന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.