നെഞ്ചുവേദനയുമായെത്തിയ രോഗി മരിച്ചു; മെഡിക്കൽ പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിൽ
text_fieldsഫറോക്ക്: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിലായി. മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന പച്ചാട്ട് വിനോദ് കുമാറാണ് (60) സെപ്റ്റംബർ 23ന് പുലർച്ച കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറായി പ്രവർത്തിച്ചുവന്ന അബു അബ്രഹാം ലൂക്കിനെ (36)യാണ് ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്തത്.
കഠിനമായ നെഞ്ചുവേദനയും ചുമയുമായി എത്തിയ രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനു പകരം രക്തപരിശോധന ഉൾപ്പെടെ നടത്താൻ നിർദേശിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. അരമണിക്കൂറിനകം രോഗി മരിച്ചതോടെയാണ് പ്രാഥമിക ചികിത്സ നൽകാതിരുന്നതിന്റെ സംശയം ബലപ്പെട്ടത്. മരിച്ച വിനോദ് കുമാറിന്റെ മകനും പി.ജി ഡോക്ടറുമായ അശ്വിൻ പി. വിനോദും സുഹൃത്തുക്കളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് എം.ബി.ബി.എസ് കോഴ്സ് പൂർത്തീകരിക്കാത്ത ഡോക്ടറാണ് ചികിത്സ നടത്തിയതെന്ന് കണ്ടെത്തിയത്.
ആശുപത്രി ആർ.എം.ഒ ആയിരുന്ന അബു അബ്രഹാം ലൂക്കിന്റെ യോഗ്യത പൂർണമല്ലെന്നും ഇദ്ദേഹത്തിന്റെ ചികിത്സ പിഴവിലാണ് വിനോദ്കുമാർ മരിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
ആഴ്ചയിൽ മൂന്നുദിവസം എന്നനിലയിൽ നാലുവർഷമായി ആർ.എം.ഒ ആയി ജോലി ചെയ്യുന്ന അബു അബ്രഹാം ലൂക്ക് എം.ബി.ബി.എസ് ഫൈനൽ പരീക്ഷ വിജയിക്കാത്ത വ്യക്തിയാണെന്ന് മനസ്സിലായത് പരാതി ഉയർന്നതിനു ശേഷമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
സംഭവത്തിനുശേഷം ഇദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ആശുപത്രി മാനേജർ മനോജ് പാലക്കൽ അറിയിച്ചു.
ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ്, ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്.ഐ.ആർ.എസ്. വിനയൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.