പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ
text_fieldsപാലോട്: മതിയായ യോഗ്യതകളില്ലാതെ രോഗികൾക്ക് ചികിത്സ നൽകി വന്ന സ്ത്രീയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ ഡീസൻറ്മുക്ക് ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്.
വർഷങ്ങളായി കാസർകോട് ജില്ലയിൽ നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള ഹൗസിൽ താമസിച്ച് ഭർത്താവുമൊത്തു വിവിധ സ്ഥലങ്ങളിൽ ഇവർ ചികിത്സ നടത്തിവരികയായിരുന്നെന്നും ഇപ്പോൾ ഭർത്താവുമായി പിണങ്ങി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്വന്തമായി ചികിത്സ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവർ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
ആൾട്ടർനേറ്റ് മെഡിസിൻ സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിന് തമിഴ്നാട്ടിലെ ഒരുസ്ഥാപനം നൽകിയ സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ കളരിമർമ ഗുരുകുലത്തിെൻറ ഒരു സർട്ടിഫിക്കറ്റും ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നത്.
ചികിത്സക്കായി ആളുകളിൽ നിന്ന് അമിത ഫീസും ഈടാക്കിയിരുന്നു. ഡോ. സോഫി മോൾ എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തിട്ടുണ്ട്.
മടത്തറയിലുള്ള സ്ഥാപനത്തിൽ ഇവർ ചികിൽസ നടത്തുന്നതായ പരസ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിെൻറ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, ഗ്രേഡ് എസ്.ഐ ഇർഷാദ്, റൂറൽ ഷാഡോ ടീമിലെ ജി.എസ്.ഐ ഷിബു, സജു, അനിൽകുമാർ, സീനിയർ സി.പി.ഒ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദിവസം നീരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.