കർദിനാളിനെതിരെ വ്യാജ രേഖ: വൈദികരടക്കം നാലുപേർക്കെതിരെ കുറ്റപത്രം
text_fieldsകൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യാജ രേഖ ചമച്ചെന്ന കേസിൽ മൂന്ന് വൈദികർ അടക്കം നാല് പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നഗരത്തിലെ ആഡംബര ഹോട്ടലുകളിലേക്ക് കർദിനാളിെൻറ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ കൈമാറിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജരേഖകൾ നിർമിച്ചെന്ന കേസിലാണ് തൃക്കാക്കര പൊലീസ് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം നൽകിയത്.
ഫാ.ആൻറണി കല്ലൂക്കാരൻ, ഫാ.പോൾ തേലക്കാട്ട്, ഫാ.ബെന്നി ജോൺ മാറംപറമ്പിൽ, ആദിത്യ സക്കറിയ വളവി എന്നിവരെയാണ് കുറ്റപത്രത്തിൽ ഒന്ന് മുതൽ നാലുവരെ പ്രതികളായി ചേർത്തിരിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും 2016 സെപ്റ്റംബർ 21ന് ലുലു കൺെവൻഷൻ സെൻററിെൻറ അക്കൗണ്ടിലേക്ക് 8.93 ലക്ഷം രൂപയും ഒക്ടോബർ 12ന് മാരിയറ്റ് കോർട്ട് യാഡ് ഹോട്ടലിെൻറ അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും 2017 ജൂലൈ ഒമ്പതിന് മാരിയറ്റ് ലുലു ഹോട്ടലിെൻറ അക്കൗണ്ടിലേക്ക് 85,000 രൂപയും മാറ്റിയെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ വ്യാജരേഖ ചമച്ചതായാണ് പൊലീസിെൻറ കണ്ടെത്തൽ.
ഇതിനു പുറമേ മാരിയറ്റ് വെക്കേഷൻ ക്ലബിൽ കർദിനാളിന് അംഗത്വമുണ്ടെന്നും ലുലു മാളിൽ കർദിനാളിെൻറ നേതൃത്വത്തിൽ 15 പേർ യോഗം ചേർന്നെന്നും വരുത്തിത്തീർക്കാനും വ്യാജരേഖ പ്രതികളുണ്ടാക്കിയെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. 2018 ആഗസ്റ്റ് 20 മുതലുള്ള തീയതികളിലാണ് ഇതിനായുള്ള രേഖകൾ നാലാം പ്രതിയുടെ സഹായത്തോടെ ഉണ്ടാക്കിയതത്രേ. വ്യാജ രേഖകൾ ഹാജരാക്കി 2019 ജനുവരി ഏഴ് മുതൽ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നടന്ന സിനഡിൽവെച്ച് കർദിനാളിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യംവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, വഞ്ചിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ രേഖ ചമക്കുക, വ്യാജ രേഖ അറിഞ്ഞുകൊണ്ട് ഒറിജിനൽ എന്ന രീതിയിൽ ഉപയോഗിക്കുക, അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ രേഖ ചമക്കുക തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം. കേസിൽ നേരത്തേ അറസ്റ്റിലായ വിഷ്ണു റോയി എന്നയാളെ മാപ്പുസാക്ഷിയാക്കിയാണ് അന്വേഷണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.