അധ്യാപക നിയമനത്തിന് വ്യാജരേഖ: സമസ്ത നേതാക്കളെ പ്രതിക്കൂട്ടിലാക്കി വിവാദം
text_fieldsമലപ്പുറം: കരുവാരകുണ്ടിലെ എയ്ഡഡ് സ്കൂളിൽ അധ്യാപക നിയമനത്തിന് വ്യാജ നിയമനരേഖയുണ്ടാക്കിയ സംഭവം സമസ്തയിൽ കലഹത്തിന് വഴിതുറക്കുന്നു. സമസ്തയിലെ (ഇ.കെ വിഭാഗം) ലീഗ് വിരുദ്ധർക്കെതിരെയാണ് സംഘടനയിലെ എതിരാളികൾ കടുത്ത വിമർശനവുമായി രംഗത്തുള്ളത്. സമസ്തയിലെ ഉന്നത നേതാക്കളുടെ മക്കളടക്കം പ്രതിക്കൂട്ടിലായ സംഭവത്തിൽ നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ‘ആക്രമണം’ കടുത്തിരിക്കുകയാണ്.
വിദ്യാഭ്യാസവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കരുവാരകുണ്ട് ഡി.എൻ.ഒ.യു.പി സ്കൂൾ മാനേജറും പ്രധാനാധ്യാപകനും മൂന്ന് അധ്യാപികമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കഴിഞ്ഞദിവസം ‘മാധ്യമം’ പുറത്തുവിട്ടിരുന്നു. വ്യാജരേഖയുണ്ടാക്കി സർക്കാറിൽനിന്ന് കൈപ്പറ്റിയ ശമ്പളവും ആനുകൂല്യവുമടക്കം ഒരു കോടി രൂപ തിരിച്ചുപിടിക്കണമെന്നും അധ്യാപകർക്കും മാനേജർക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
മൂന്ന് അധ്യാപകരുടെ നിയമനത്തിന് മുൻകാലപ്രാബല്യമുള്ള നിയമനരേഖ വ്യാജമായുണ്ടാക്കി സർക്കാറിന് സമർപ്പിച്ച് ശമ്പളവും ആനുകൂല്യവും കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളാണ് സംഭവത്തിലുൾപ്പെട്ട അധ്യാപിക ഒ. സുലാഫ. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർകൂടിയാണ് അബ്ദുൽ ഹമീദ് ഫൈസി. മറ്റു രണ്ട് അധ്യാപകരും സമസ്ത നേതാക്കളുടെ ബന്ധുക്കളാണ്. വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട് ആയുധമാക്കി സമസ്തയിലെ ലീഗ് വിരുദ്ധ നേതാക്കളുടെ ധാർമികത ചോദ്യംചെയ്യുകയാണ് എതിരാളികൾ. വാർത്ത പുറത്തുവന്നതോടെ സ്കൂൾ കമ്മിറ്റി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
റിപ്പോർട്ട് സമർപ്പിച്ചു
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡി.പി.ഐ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു. ഗുരുതര ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കും പ്രധാനാധ്യാപകർക്കും മാനേജർക്കുമെതിരെ കേസ് എടുക്കണമെന്നാണ് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.