സർക്കാർ കോളജുകളിൽ ഗെസ്റ്റ് ലെക്ചററാകാൻ വ്യാജ രേഖ: മഹാരാജാസിലെ പൂർവ വിദ്യാർഥിനിക്കെതിരെ കേസ്
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനി കോളജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി വിവിധ സർക്കാർ കോളജുകളിൽ ഗെസ്റ്റ് ലെക്ചററായി.
എസ്.എഫ്.ഐ പ്രവർത്തകയും കാലടി സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ. വിദ്യയാണ് (വിദ്യ വിജയൻ) മഹാരാജാസിൽ മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗെസ്റ്റ് ലെക്ചറർ ആയിരുന്നെന്ന വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയത്. അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിന് എത്തിയപ്പോൾ സംശയം തോന്നി മഹാരാജാസ് കോളജ് അധികൃതരിൽനിന്ന് വിവരം തേടിയതോടെയാണ് സർട്ടിഫിക്കറ്റ് ചമച്ചതാണെന്ന് വ്യക്തമായത്.
ഒരുവർഷം മുമ്പ് പാലക്കാട്ടെ കോളജിലും കാസർകോട്ടെ സർക്കാർ കോളജിലും ഇവർ ഇതേ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗെസ്റ്റ് ലെക്ചറർ നിയമനം നേടിയിരുന്നു. തുടർച്ചയായി സർക്കാർ കോളജുകളിൽ ഗെസ്റ്റ് ലെക്ചറർ നിയമനം നേടിയത് ഉന്നത രാഷ്ട്രീയബന്ധം ഉപയോഗപ്പെടുത്തിയാണെന്നാണ് സൂചന.
കാസർകോട് സ്വദേശിനിയായ വിദ്യ എറണാകുളം മഹാരാജാസിൽ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ ഗെസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണുണ്ടാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗെസ്റ്റ് ലെക്ചറായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളജിൽ ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജ രേഖ ഹാജരാക്കാനായില്ല. ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് ചെല്ലുന്നത്. പത്തുവർഷമായി മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ ഗെസ്റ്റ് ലെക്ചറർ നിയമനം നടന്നിട്ടേയില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണ്.
മഹാരാജാസിൽനിന്ന് 2018ൽ ബിരുദാനന്തര ബിരുദം നേടിയ വിദ്യ കാലടി സർവകലാശാലയിൽ എം.ഫിൽ ചെയ്തിരുന്നു. ഇക്കാലത്താണ് എസ്.എഫ്.ഐ പാനലിൽ ജനറൽ സെക്രട്ടറിയായത്. സർട്ടിഫിക്കറ്റ് കിട്ടാൻ കോളജിൽനിന്ന് സഹായം കിട്ടിയിട്ടില്ലെന്നും ശ്രദ്ധയിൽ വന്നയുടൻ പൊലീസിൽ പരാതി നൽകിയെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ്. ജോയ് പറഞ്ഞു. അതിനിടെ കെ. വിദ്യ കരിന്തളം ഗവ. കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗെസ്റ്റ് ലക്ചറർ ആയാണ് ജോലി ചെയ്തത്.
മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.