പ്രതികൾ 10 ലക്ഷം ധൂർത്തടിച്ചത് രണ്ടാഴ്ചക്കുള്ളിൽ; കോയമ്പത്തൂരിൽ പോയി ശീട്ടുകളിച്ച് പണം തീർത്തെന്ന്
text_fieldsകോഴിക്കോട്: വ്യാജ സ്വർണം നൽകിയും പൊലീസ് ചമഞ്ഞും വൻ തട്ടിപ്പ് നടത്തിയ സംഘം പത്തുലക്ഷം രൂപ ദിവസങ്ങൾക്കുള്ളിൽ ചെലവഴിച്ചുതീർത്തു. കവർന്ന തുക ആഡംബര ഹോട്ടലുകളിൽ താമസിച്ചും ശീട്ടുകളിച്ചും രണ്ടാഴ്ചകൊണ്ട് തീർക്കുകയായിരുന്നുവെന്നാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ മലപ്പുറം പറമ്പിൽപീടിക ഭാഗത്ത് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി കെ.പി. നവാസ്, കണ്ണൂർ മാടായി സ്വദേശി ആരീപ്പറമ്പിൽ ഷാജിദ്, ആലപ്പുഴ സ്വദേശി ചുങ്കം കരുമാടിപ്പറമ്പിൽ കെ.എൻ. സുഭാഷ് കുമാർ, തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയതപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്.
പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലിൽനിന്ന് ജൂൺ ആറിന് പിടിയിലായ സംഘത്തെ നടക്കാവ് പൊലീസാണ് കോടതി മുഖേന കസ്റ്റഡിൽ വാങ്ങി കോഴിക്കോട്ടെ പ്രമുഖ മാളിലടക്കം തെളിവെടുപ്പ് പൂർത്തീകരിച്ചതും വിശദമായി ചോദ്യം ചെയ്തതും. കേസിൽ കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാൽ നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന ഒരു കിലോ സ്വർണം കൈമാറാമെന്ന് പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
പത്തുലക്ഷം രൂപ മുൻകൂർ വാങ്ങി ബാക്കിതുക എഗ്രിമെൻറ് തയാറാക്കി ഘട്ടംഘട്ടമായി നൽകിയാൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലുകളിൽ വിളിച്ചുവരുത്തി വ്യാജ സ്വർണം 'കച്ചവടം' ചെയ്യുകയാണ് ഇവർ ചെയ്തത്. പണം കൈമാറിയ ഉടൻ സംഘത്തിൽപെട്ടവർതന്നെ പൊലീസ് ചമഞ്ഞെത്തി ആക്രമണം നടത്തുകയും പണവുമായി പോവുകയുമായിരുന്നുവത്രെ. സ്വർണ ഇടപാടായതിനാൽ പരാതി നൽകാനിടയില്ലെന്ന അവസരമാണ് പ്രതികൾ മുതലാക്കിയത്.
കഴിഞ്ഞ 16ന് കോഴിക്കോട്ടെ മാളിൽനിന്ന് പയ്യോളി സ്വദേശിയെയാണ് സംഘം തട്ടിപ്പിനിരയാക്കിയതും മർദിച്ചതും. കവർച്ചക്കുശേഷം എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ആർഭാടജീവിതം നയിക്കുകയാണ് പ്രതികൾ ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക് തമായിട്ടുണ്ട്. പ്രതി സുഭാഷിന്‍റെ പിറന്നാൾ ആഘോഷിക്കവേയാണ് പാലക്കാട്ടെ ഹോട്ടലിൽനിന്ന് സംഘം പിടിയിലായത്.
തമിഴ്നാട്ടിലുള്ളവരുടെയടക്കം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് സംഘം മൊബൈൽ സിം കാർഡുകളെടുത്തത്. ഇവ തന്നെയാണ് ഹോട്ടലുകളിൽ മുറിയെടുത്തപ്പോൾ പ്രൂഫായി നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഉപയോഗിച്ച വാഹനങ്ങളുടെ നമ്പറുകളും വ്യാജമായിരുന്നു. ഇവർക്ക് വ്യാജ സ്വർണം നൽകിയവരെക്കുറിച്ചും ചില സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.